ചെന്നൈ ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ കർഷകർ. അനുവദനീയമായ ജലനിരപ്പായ 142 അടിയിൽ നിന്നും 10 അടി ഉയർത്തി 152 അടിയാക്കണമെന്നാണ് ഇവരുടെ ആശ്യം. കർഷക പ്രതിഷേധക്കാർ കേരളത്തിലേക്ക് മാർച്ച് നടത്തി. അതിർത്തിയിലെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇതോടെ ഇവർ ദേശീയ പാത ഉപരോധിച്ചു.
ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അതിർത്തിയിൽ പോലീസ് തടഞ്ഞതിന് പിന്നാലെ വാഹനങ്ങളിലായി കേരളത്തിലേക്ക് പ്രവേശിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പോലീസ് അനുവദിക്കാതെ വന്നതോടെയാണ് ദേശീയ പാത ഉപരോധിച്ചത്. കൊട്ടാരക്കര – ദിണ്ടുക്കൽ ദേശീയ പാതയാണ് മണിക്കൂറുകളോളം ഉപരോധിച്ചത്.
അതിനിടെ ഇന്നലെ രാത്രിയും തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. നാല് ഷട്ടറുകളാണ് ഇന്ന് പുലർച്ചെയോടെ ഉയർത്തിയത്. നിലവിൽ 9 ഷട്ടറുകൾ തുറന്നിട്ടുണ്ട്. 5,668.16 വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
Comments