മുംബൈ: ആറ് നിലയുള്ള കെട്ടിടം ഹോട്ടലാക്കി മാറ്റിയതിന് ബോളിവുഡ് താരം സോനൂ സൂദിന് ബൃഹൻ മുംബൈ കോർപ്പറേഷന്റെ നോട്ടിസ്. സോനുവിന്റെ ജുഹുവിലെ ആറ് നില കെട്ടിടമാണ് അനധികൃതമായി ഹോട്ടലാക്കി മാറ്റിയത്. ഹോട്ടൽ പൊളിച്ച് തിരികെ പഴയ രൂപത്തിലാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. നംവബർ 15നാണ് ബിഎംസി സോനൂ സൂദിന് നോട്ടീസ് അയച്ചത്. എന്നാൽ താരം നാളിതുവരെയായിട്ടും കെട്ടിടം പൊളിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടില്ല.
താമസയോഗ്യമായിരുന്ന ആറ് നില കെട്ടിടമാണ് സോനൂ ഹോട്ടലാക്കി മാറ്റിയത്. ഇത് സംബന്ധിച്ച് താരം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹോട്ടൽ അധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയ കോടതി ഹോട്ടൽ പൊളിക്കാൻ നിർദ്ദേശം നൽകി. തുടർന്ന് സോനൂ ഹോട്ടൽ പൊളിക്കാമെന്ന് സമ്മതിച്ചെങ്കിലും ഇതിനുള്ള നടപടി ക്രമങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.
കെട്ടിടത്തിന്റെ നിലവിലുള്ള 1 മുതൽ 6 വരെ നിലകളിൽ താമസം/ബോർഡിംഗ് പ്രവർത്തനം നിർത്തിയെന്നും, അനുവദിച്ച പ്ലാൻ അനുസരിച്ച് പാർപ്പിട ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നും സോനൂ സൂദ് കോർപ്പറേഷനെ അറിയിച്ചിരുന്നു. കെട്ടിടം പുനഃസ്ഥാപിക്കുമെന്ന് സൂദ് ജൂലൈയിൽ ബിഎംസിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന്റെ പ്രവർത്തനങ്ങൾ നടക്കാത്തതിനാലാണ് ബിഎംസി വീണ്ടും നോട്ടീസ് അയച്ചത്.
കൊറോണക്കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സോനു. അതേസമയം, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ താരം നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ ആദായ നികുതി വകുപ്പ് പരിശോധിച്ചിരുന്നു. 2012ലും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് സോനു സൂദിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിരുന്നു.
Comments