അമൃത്സർ: ഒരു കുഞ്ഞ് ജനിക്കുമ്പോൾ വ്യത്യസ്തമായ പേരിടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. ഇതിനായി മാസങ്ങൾക്ക് മുൻപ് തന്നെ പലരും വലിയ ആലോചനയിലായിരിക്കും. ഇന്ത്യ-പാക് അതിർത്തിയായ അട്ടാരിയിൽ കുടുങ്ങിപ്പോയ ഒരു പാകിസ്താൻ ദമ്പതികൾ അവരുടെ കുഞ്ഞിനിട്ട പേരാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പ്രസവം അതിർത്തിയിൽ വച്ച് നടന്നതിനാൽ ‘ബോർഡർ’ (അതിർത്തി) എന്നാണ് ഇവർ തങ്ങളുടെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ രജൻപൂർ ജില്ലയിലുള്ള നിമ്പു ബായിയും ബലം റാമുമാണ് തങ്ങളുടെ കുഞ്ഞിന് ഈ വ്യത്യസ്തമായ പേര് ഇട്ടിരിക്കുന്നത്.
97 പാക് പൗരന്മാരോടൊപ്പം അതിർത്തി പ്രദേശത്താണ് ഇവരുടെ താമസം. പാകിസ്താനിലെ നിന്നും തീർത്ഥാടനത്തിനായാണ് ഈ കുടുംബം ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാൽ ചില രേഖകൾ ശരിയാകാത്തതിനാൽ ഇവർക്ക് പാകിസ്താനിലേക്ക് തിരികെ പോകാനായില്ല. അതുകൊണ്ട് അട്ടാരി അതിർത്തിക്ക് സമീപത്തായാണ് ഇവർ കഴിയുന്നത്. 70 ദിവസത്തോളമായി ഇവിടെ താത്കാലിക കേന്ദ്രങ്ങളിലാണ് ഈ സംഘം കഴിയുന്നത്.
ഡിസംബർ രണ്ടിനാണ് നിമ്പു ബായി കുഞ്ഞിനെ പ്രസവിച്ചത്. പഞ്ചാബ് അതിർത്തി ഗ്രാമങ്ങളിൽ നിന്നും ധാരാളം സ്ത്രീകൾ നിമ്പു ബായിയെ സഹായിക്കാൻ ഈ സമയം ഇവിടെ എത്തിയിരുന്നു. അമ്മയ്‌ക്കും കുഞ്ഞിനുമായി ചികിത്സാ സൗകര്യങ്ങളും ഗ്രാമവാസികൾ ചെയ്ത് നൽകി. ഇതിലെല്ലാമുള്ള സന്തോഷസൂചകമായും, അതിർത്തി പ്രദേശത്ത് ജനിച്ചതിന്റേയും ഓർമ്മയ്‌ക്കായാണ് കുഞ്ഞിന് ബോർഡർ എന്ന് പേരിട്ടത്. അട്ടാരിയിൽ കുടുങ്ങിക്കിടക്കുന്ന 97 പേരിൽ 47 പേരും കുട്ടികളാണ്. ഇതിൽ ആറ് പേർ ജനിച്ചത് ഇന്ത്യയിലാണ്. ഒരു വയസ്സിൽ താഴെയാണ് ഇവരുടെ പ്രായം.
Comments