കണ്ണൂർ: എല്ലാവരും ഉത്തമരായ ചില ഒട്ടകപ്പക്ഷികളെ പോലെയല്ലെന്നും, പോരാട്ടവീര്യം ഉള്ളത് കൊണ്ട് മാത്രമാണ് താൻ ഭയത്തെ ജയിച്ചതെന്നും ബിനീഷ് കോടിയേരി. എല്ലാം നഷ്ടപ്പെടും എന്നറിഞ്ഞിട്ടും തന്റെ നിലപാടുകളെയും ബോധ്യത്തെയും അവഗണിച്ച് ഭയത്തിനു കീഴടങ്ങി ആരെയും ഒറ്റികൊടുക്കാൻ ഞാൻ തയ്യാറായില്ലെന്നും എന്നതാണ് തന്റെ നിർഭയത്വമെന്നും ബിനീഷ് കോടിയേരി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ ജയിൽ വാസത്തെക്കുറിച്ചുള്ള വിശദീകരണം ബിനീഷ് പറയുന്നത്. ഒ.എൻ.വി കുറുപ്പിന്റെ ഒരു കവിതയും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
നിർഭയനായിരിക്കുക എന്നാൽ ഭയമില്ലാതിരിക്കുകയെന്നതല്ല, നിങ്ങളുടെ മുന്നിൽ ഭയം അവതരിക്കുമ്പോൾ അതിനെ ജയിക്കുക എന്നതാണ്. ശിരസ്സുയർത്തിപ്പിടിച്ച് എനിക്ക് പറയാനാകും ഞാൻ ഭയത്തെ ജയിച്ചിട്ടുണ്ടെന്ന്. ഒരു കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ചും മാനവികത മുറുകെ പിടിക്കുന്നവരും പോരാട്ടത്തിന്റെ പാത ഉപേഷിക്കാറില്ല. ബാംഗ്ലൂരിലെ അഗ്രഹാര ജയിലിൽ ഒരു വർഷത്തോളം നീണ്ട അന്യായ തടങ്കലിടലിനെ ഞാൻ അതിജീവിച്ചതും അതെ പോരാട്ടവീര്യം എന്നിൽ ഉള്ളതുകൊണ്ടുതന്നെയാണ്.
പ്രതിസന്ധികളിൽ ‘ഒട്ടകപക്ഷികൾ’ തല മണ്ണിൽ പൂഴ്‌ത്തി ഞാനൊന്നും അറിഞ്ഞില്ലേയെന്ന മട്ടിൽ നിൽക്കാറുണ്ട്. അപ്പോൾ വേട്ടക്കാർ യാതൊരു അദ്ധ്വാനവും ഇല്ലാതെ മറ്റുളള എല്ലാവരെയും പിടിച്ചുകൊണ്ടുപോകും അവസാനം ഒട്ടകപക്ഷിയെയും. ‘ഉത്തമരായ ചില ഒട്ടകപക്ഷികൾ ‘ മനസിലാക്കേണ്ട ഒന്നുണ്ട് എല്ലാവരും ഒട്ടകപക്ഷിയെ പോലെയല്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനീഷ് കോടിയേരി അറസ്റ്റിലാകുന്നത്. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പങ്ക് ഉയർന്ന് വരികയും, ഇ.ഡി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസിലെ നാലാം പ്രതിയായിരുന്നു ബിനീഷ്. 2020 നവംബർ 11 മുതൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു ബിനീഷ്. കഴിഞ്ഞ മാസമാണ് കേസിൽ കോടതി ജാമ്യം അനുവദിച്ചത്.
Comments