ഇസ്ലാമാബാദ് : പാക് സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയുടെ പ്രതിമ സ്ഥാപിച്ച കോംപ്ലക്‌സിൽ മോഷണം . പ്രതിമയിൽ സ്ഥാപിച്ചിരുന്ന മോണോക്കിളുകളാണ് മോഷണം പോയത് . കാഴ്ച വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു തരം കറക്റ്റീവ് ലെൻസാണ് മോണോക്കിൾസ്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ വെഹാരി ഡെപ്യൂട്ടി കമ്മീഷണർ കോംപ്ലക്‌സിൽ സ്ഥാപിച്ചിരുന്ന ജിന്നയുടെ പ്രതിമയിൽ നിന്നാണ് ലെൻസ് മോഷണം പോയത് . ജിന്ന കണ്ണിൽ ലെൻസുകൾ ധരിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു . തുടർന്നാണ് പ്രതിമയിലും ഇത്തരത്തിൽ ലെൻസ് സ്ഥാപിച്ചത് .
ഓഗസ്റ്റ് 11 ലെ പ്രസംഗത്തിന്റെ ഓർമ്മയ്‌ക്കായി സ്ഥാപിക്കപ്പെട്ടതാണ് പ്രതിമ . ഒരു ഇസ്ലാമിക രാഷ്‌ട്രത്തിൽ പ്രതിമകൾ തെറ്റാണെന്ന വിശ്വാസത്തിൽ മുൻപ് പലപ്പോഴും ജിന്ന പ്രതിമകൾ തകർത്തിട്ടുണ്ട് .
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ ഖിസാർ അഫ്‌സൽ ചൗധരി അറിയിച്ചു. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുകയാണെന്ന് ഖിസാർ അഫ്‌സൽ ചൗധരി പറഞ്ഞു . മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാറും സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടിട്ടുണ്ട് .
നേരത്തെ, ഒളിമ്പ്യൻ സമിയുള്ളയുടെ പ്രതിമയിൽ നിന്ന് ഒരു ഹോക്കി സ്റ്റിക്കും പന്തും മോഷ്ടിക്കപ്പെട്ടിരുന്നു.
















Comments