ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രാത്രി 8.30 മുതൽ കൂടുതൽ വെള്ളം തുറന്നുവിട്ടു. നേരത്തെ തുറന്നിരിക്കുന്ന ഒമ്പത് ഷട്ടറുകൾ 120 സെന്റീമീറ്റർ വീതമാണ് അധികമായി ഉയർത്തിയത്. ഇതുവഴി 12654.09 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നു.
ഷട്ടർ കൂടുതൽ ഉയർത്തിയതിന് പിന്നാലെ പെരിയാർ തീരത്തെ പല വീടുകളിലും വെള്ളം കയറി തുടങ്ങി. മഴ മാറി നിന്ന പകൽസമയത്ത് വെളളം തുറന്നുവിടാതെ രാത്രിയിൽ പതിവായി ഷട്ടർ തുറക്കുന്നതിൽ നാട്ടുകാർ രോഷാകുലരാണ്. പലരുടെയും വീടുകളിൽ വെളളം കയറി. രാത്രിയിൽ കൂടുതൽ വെളളം തുറന്നുവിട്ടാലോ എന്ന ആശങ്കയിൽ വീടുകൾക്കുള്ളിൽ നിന്നും ആളുകൾ സാധനങ്ങൾ ഉൾപ്പെടെ മാറ്റുകയാണ്. സ്ത്രീകളും കുട്ടികളും അടക്കമുളളവർ രാത്രി ഉറക്കം നഷ്ടപ്പെട്ട് പെരുവഴിയിലാണ്.
അതേസമയം രാത്രി വൻതോതിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴികിയെത്തുന്നത്. 2021ൽ ആദ്യമായാണ് ഇത്രയും അധികം അളവിൽ വെള്ളം സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. കൂടുതൽ ജലം പുറത്തേക്കൊഴുക്കുന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നുമാണ് കളക്ടർ അറിയിച്ചത്. നിലവിൽ 141.9 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് ഉച്ചയ്‌ക്ക് ശേഷം മഴ പെയ്തിരുന്നു. ഇതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിലേക്ക് നയിച്ചത്. തിങ്കളാഴ്ച പുലർച്ചെയും മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്നിരുന്നു.
















Comments