പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട് സന്ദീപുമായി ഉണ്ടായ തർക്കമാണ് വൈരാഗ്യത്തിന് തുടക്കമെന്നാണ് ഒന്നാം പ്രതി ജിഷ്ണുവിന്റെ മൊഴി. അമ്മയുടെ ജോലി ഇല്ലാതാക്കാനുള്ള സന്ദീപിന്റെ ശ്രമങ്ങളും വൈരാഗ്യത്തിന് കാരണമായതായി ജിഷ്ണു ആവർത്തിച്ചു.
സംഭവം രാഷ്‌ട്രീയ കൊലപാതകമാണെന്നും ആർഎസ്എസും ബിജെപിയുമാണ് പിന്നിലെന്നുമുളള സിപിഎമ്മിന്റെ നുണപ്രചാരണം പൊളിക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നേരത്തെ കോടതിയിൽ കൊണ്ടുവന്നപ്പോഴും പ്രതികൾ കൊലപാതകത്തിന് രാഷ്‌ട്രീയ ബന്ധമില്ലെന്ന് തുറന്നുപറഞ്ഞിരുന്നു. ഇതിന് ശേഷവും സന്ദീപിനെ രാഷ്‌ട്രീയ രക്തസാക്ഷിയായി ചിത്രീകരിക്കാനും കൊലപാതകം
ബിജെപിയുടെയും ആർഎസ്എസിന്റെയും തലയിൽ കെട്ടിവെയ്‌ക്കാനുമാണ് സിപിഎം നീക്കം നടത്തിയത്.
പാർട്ടി കേന്ദ്രങ്ങളിൽ നിന്നുളള സമ്മർദ്ദത്തിന് വഴങ്ങി പോലീസ് എഫ്‌ഐആറിൽ പോലും രാഷ്‌ട്രീയ വിരോധം എഴുതി ചേർക്കുകയായിരുന്നു. ആദ്യം വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസും സ്ഥിരീകരിച്ചിരുന്നു.
സന്ദീപ് കുമാർ പെരിങ്ങര ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന കാലയളവിലാണ് തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് ഒന്നാംപ്രതി ജിഷ്ണു മൊഴി നൽകി. തങ്ങളുടെ കുടുംബം വാങ്ങിയ 3 സെന്റ് വയൽ നികത്താനുള്ള ശ്രമങ്ങൾക്ക് സന്ദീപ് തടസ്സം നിന്നത് വിരോധം മൂർച്ഛിപ്പിച്ചു.
താൽക്കാലിക ജോലിയിൽ നിന്നും അമ്മയെ ഒഴിവാക്കാൻ സന്ദീപ് നീക്കം നടത്തിയെന്നും കേസുകളിൽ പ്രതിയാക്കാനുള്ള ശ്രമം ഉണ്ടായെന്നും ജിഷ്ണു ആവർത്തിച്ചു. നേരിൽ കണ്ട പല സാഹചര്യത്തിലും ഇതിന്റെ പേരിൽ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടിരുന്നതായും മൊഴിയുണ്ട്.
കേസിലെ നാലാം പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വ്യാജ പേരും വിലാസവും നൽകിയ മൻസൂരുമായി കാസർകോട് മൊഗ്രാലിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
Comments