തിരുവനന്തപുരം: പോലീസുകാർക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നൽകുന്നതിനെതിരെ ഡിജിപിയുടെ സർക്കുലർ. തുടർച്ചയായ ഡ്യൂട്ടി പൊലീസുകാരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിൽ സേനാംഗങ്ങൾക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്നാണ് ഡിജിപിയുടെ സർക്കുലറിൽ പറയുന്നത്. 12 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യുന്നവരുണ്ട്. അമിത ജോലിയെ തുടർന്ന് പോലീസുകാർ കുഴഞ്ഞു വീഴുവെന്ന റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് ദീർഘനേരം ഡ്യൂട്ടി നൽകരുതെന്ന് ഡിജിപി ഉത്തരവിറക്കിയത്.
482 സ്റ്റേഷനുകളിലായി 21,428 പോലീസുകാരുണ്ട്. ഒരു സ്റ്റേഷനിൽ ശരാശരി 45 പേർ. പകുതിയിലേറെ സ്റ്റേഷനുകളിൽ 35ൽ താഴെ അംഗങ്ങൾ മാത്രമാണുള്ളത്. പോലീസ് സ്‌റ്റേഷനുകളിൽ എട്ട് മണിക്കൂർ ഡ്യൂട്ടി നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നിട്ട് വർഷങ്ങളായി. എന്നാൽ മിക്ക സ്ഥലങ്ങളിലും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശരാശരി ജോലി സമയം 12 മണിക്കൂറിലേറെയാണ്. സേനാംഗങ്ങളുടെ കുറവാണ് തുടർച്ചയായ ഡ്യൂട്ടിക്ക് കാരണം. ഇത് പരമാവധി ഒഴിവാക്കി ഡ്യൂട്ടി പുനക്രമീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
















Comments