ലക്‌നൗ: തന്റെ പ്രചാരണത്തിലുടനീളം ചുവന്ന തൊപ്പി ധരിക്കുന്നത് ജനങ്ങളെ ജാഗരൂകരാക്കാനും അവർക്ക് മുന്നറിയിപ്പ് നൽകാനുമാണെന്ന് ഉത്തർപ്രദേശ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം മുലായം കുടുംബത്തിന്റെ കുടുംബാധിപത്യത്തിനും അഴിമതിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചതിനോട് ദേഷ്യം പ്രകടിപ്പിച്ചാണ് അഖിലേഷിന്റെ മറുപടി. ചുവന്ന തൊപ്പിയെ പരാമർശിച്ച് നരേന്ദ്രമോദി ഗോരഖ് പൂരിൽ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ചുവന്ന തൊപ്പി ധരിക്കുന്ന എല്ലാ സമാജ് വാദി നേതാക്കളും ജയിലിലുള്ള ഭീകരന്മാരെ പുറത്തുവിടാനാണ് പരിശ്രമിക്കുന്നത്. എല്ലാവരും ഭരണമാ ഗ്രഹിക്കുന്നത് സ്വന്തം പണപ്പെട്ടി നിറയ്‌ക്കാനാണ്. ചുവന്ന തൊപ്പി ധരിക്കുന്നതിലൂടെ ജനങ്ങൾക്ക് നൽകുന്നത് അവർ വന്നാൽ അപകടമാണെന്ന സന്ദേശമാണെന്നാണ് നരേന്ദ്രമോദി ഗോരഖ് പൂരിൽ പ്രസംഗിച്ചത്. ഇതിനു മറുപടിയുമായാണ് അഖിലേഷ് യാദവ് ചുവന്ന തൊപ്പിയെന്തിനെന്ന് വിശദീകരിച്ചത്.
‘താൻ എന്നും ചുവന്ന തൊപ്പി ധരിക്കേണ്ട അവസ്ഥയാണ് കേന്ദ്രസർക്കാർ ഉണ്ടാക്കുന്നത്. എന്റെ ചുവന്ന തൊപ്പി വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകന്റെ നിസ്സഹായത എന്നിവയ്‌ക്കെതിരെയുള്ള ജാഗ്രതാ നിർദ്ദേശമാണ്. ഹത്‌രാസും ലഖിംപൂരും ജനങ്ങളെ വീണ്ടും ഓർമ്മിപ്പിക്കാനാണ്.’ അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഗ്രാമങ്ങൾ തോറും വികസനമെത്തിക്കാൻ സമാദ് വാദി പാർട്ടി പ്രതിജ്ഞാ ബദ്ധമാണ്. ജാതി മത രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും തങ്ങൾക്കൊപ്പം അണിചേരുമെന്നും അഖിലേഷ് പൊതു സമ്മേളനത്തിൽ പറഞ്ഞു.
















Comments