മുംബൈ: രാജ്യത്തെ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ. ഇന്ന് ചേർന്ന ദ്വൈമാസ നയ അവലോകന യോഗത്തിലാണ് തീരുമാനം. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും.
കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചുവരവിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇപ്പോഴും ഈ മടക്കം കരുത്താർജ്ജിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2020 മെയ് മാസത്തിലാണ് അവസാനമായി ആർബിഐ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തിയത്.
ഒമിക്രോൺ വകഭേദം ലോകരാജ്യങ്ങൾക്ക് ഭീഷണിയാകുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു അവലോകന യോഗം ചേർന്നത്. രാജ്യത്ത് സാമ്പത്തിക ക്രയവിക്രയങ്ങൾ ക്രമേണ വർദ്ധിച്ചുവരുന്നുണ്ടെന്ന് സമിതി വിലയിരുത്തി. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചത് ഉൾപ്പെടെയുളള നടപടികൾ രാജ്യത്തെ ഉപഭോഗവും ആവശ്യകതയും (ഡിമാന്റും) വർദ്ധിപ്പിക്കും.
2021-22 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചാ പ്രതീക്ഷ 9.5 ശതമാനമായി സമിതി നിലനിർത്തി. നാണയപ്പെരുപ്പ നിരക്ക് 5.3 ശതമാനമാണ് പ്രതീക്ഷിക്കുന്നത്.
Comments