ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിർത്തിയിൽ സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ അടിയന്തിരമായി പിൻവലിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്രസർക്കാർ. വിവിധ കാർഷിക സംഘടനകളുമായുള്ള യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. സമരം പിൻവലിച്ചാൽ കേസുകൾ പിൻവലിക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചത്.
അഞ്ച് കാർഷിക സംഘടനകളുമായാണ് കേന്ദ്രസർക്കാർ ഇന്ന് ചർച്ച നടത്തിയത്. ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി റോഡ് ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. യോഗത്തിന് ശേഷം സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവന ഉണ്ടാകുമെന്നാണ് വിവരം. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധ സംഘടനകൾ അറിയിച്ചിരിക്കുന്നത്.
മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 19 നാണ് പ്രഖ്യാപിച്ചത്. കർഷകരുടെ ക്ഷേമം മുന്നിൽക്കണ്ടാണ് നിയമങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ചില കർഷകർക്ക് നിയമത്തിന്റെ ഗുണങ്ങൾ മനസിലാക്കാനായില്ല. അതിനാൽ വേദനയോടെ നിയമം പിൻവലിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരുമെന്നാണ് സംഘടനകൾ ആദ്യം പറഞ്ഞത്. ജനാധിപത്യത്തിൽ ചർച്ചയിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകൂവെന്ന് കേന്ദ്രമന്ത്രിമാർ ആവർത്തിച്ച് പറയുമ്പോഴും നിയമം പിൻവലിക്കണമെന്ന ഒറ്റനിലപാടിലായിരുന്നു പ്രതിഷേധക്കാർ.
















Comments