മുംബൈ: ഇന്ത്യയിൽ ഇലക്ട്രിക് വാഹന തരംഗം സൃഷ്ടിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്. ഈ മേഖലയിൽ 4000 കോടി രൂപയാണ് നിക്ഷേപിക്കുക. 2028 ഓടെ ആറോളം ഇലക്ട്രിക് വാഹന മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ നീക്കം. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് ഹ്യുണ്ടായ്. വാഹനമേഖലയിൽ ക്ലീൻ എനർജിയിലേക്ക് മാറാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളും പ്രോത്സാഹനങ്ങളുമാണ് ഹ്യുണ്ടായ് കമ്പനിക്ക് പ്രചോദനമായത്.
എസ് യുവികളും സെഡാനുകളും ഉൾപ്പെടെ പോക്കറ്റിലൊതുങ്ങുന്ന വിലയിലുളള പ്രീമിയം മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. അടുത്ത വർഷം ആദ്യ ഇലക്ട്രിക് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാർക്കറ്റിംഗ് സെയിൽസ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.
ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയിൽ നിർണായക സ്ഥാനം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം. വാഹനത്തിന് ആവശ്യമായ സാധനങ്ങൾ പ്രാദേശിക വിപണിയിൽ നിന്ന് സ്വരൂപിക്കാനാണ് ശ്രമം നടത്തുന്നതെന്നും വാഹനത്തിന്റെ വില കുറയ്‌ക്കുന്നതിൽ ഉൾപ്പെടെ ഇത് നിർണായകമാകുമെന്നും തരുൺ ഗാർഗ് പറഞ്ഞു.
പുതിയ വാഹനങ്ങളുടെ ഗവേഷണത്തിനും വാഹനം ഡെവലപ് ചെയ്യുന്നതിനും ഉൾപ്പെടെയാണ് നിക്ഷേപം നടത്തുക. 2030 ഓടെ ആഗോള വാഹന വിപണിയുടെ കാൽഭാഗം ഇലക്ട്രിക് വാഹനങ്ങൾ കൈയ്യടക്കമെന്നാണ് കരുതുന്നത്. നിലവിൽ കേവലം രണ്ട് ശതമാനം മാത്രമാണിത്. അതുകൊണ്ടു തന്നെ ആഗോളതലത്തിൽ വാഹന നിർമാതാക്കൾ ഇലക്ട്രിക് പതിപ്പുകൾക്കായി വൻ മുതൽമുടക്കാണ് നടത്തുന്നത്.
ഇന്ത്യയിൽ നിലവിൽ മൊത്തം വാഹന വിപണിയുടെ ഒരു ശതമാനം മാത്രമാണ് ഇലക്ട്രിക്കൽ വാഹനങ്ങൾ ഉളളത്. 2030 ഓടെ ഇത് 30 ശതമാനത്തിലെത്തിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ടെസ് ല ഉൾപ്പെടെയുളള ആഗോള വാഹന ഭീമൻമാർക്കൊപ്പം കടുത്ത മത്സരത്തിനാണ് ഹ്യുണ്ടായ് ഒരുങ്ങുന്നത്.
2019 ൽ കൊന (Kona) ഇലക്ട്രിക് കാറുമായി ഹ്യുണ്ടായ് ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു. എന്നാൽ വില കൂടുതലായതിനാലും ചാർജ്ജിംഗ് സംവിധാനങ്ങളുടെ അഭാവവും മൂലം ഉപഭോക്താക്കൾ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചില്ല.മാറിയ സാഹചര്യത്തിൽ ഉപഭോക്താക്കളും ഇലക്ട്രിക് വാഹനങ്ങളോട് താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇതാണ് കമ്പനിയുടെ പ്രതീക്ഷ.
Comments