ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ വേദനയോടെ രാജ്യം. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി.ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക ജിയുടെയും ആകസ്മിക വിയോഗത്തിൽ ഞാൻ ഞെട്ടലും വേദനയും അനുഭവിക്കുന്നു.
രാജ്യത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
സംയുക്ത സൈനിക മേധാവിയുടെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക പരിപാടികൾ എല്ലാം റദ്ദ് ചെയ്ത് ഡൽഹിയിലേക്ക് തിരിച്ചിരുന്നു. പ്രസിഡന്റ് സ്റ്റാൻഡർഡ് അവാർഡുകൾ വിതരണം ചെയ്യുന്നതിനായി മുംബൈയിലെത്തിയതായിരുന്നു അദ്ദേഹം.
ഹെലികോപ്ടറിലുണ്ടായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ഒഴികെ 13 പേരും മരണത്തിന് കീഴടങ്ങിയെന്നാണ് വ്യോമസേന നൽകുന്ന ഔദ്യോഗിക വിശദീകരണം. ഹെലികോപ്ടർ അപകടത്തിൽപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രാർത്ഥനയോടെയാണ് രാജ്യം രക്ഷാപ്രവർത്തനങ്ങൾ വീക്ഷിച്ചത്. വൈകുന്നേരത്തോടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണം വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉചിതമായ സമയത്ത് ബന്ധപ്പെട്ട മന്ത്രാലയം പങ്കിടുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ദു:ഖത്തിൽ പങ്കു ചേർന്നു.
ഇന്ന് ഉച്ചയോടെ സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. സംയുക്ത സൈനിക മേധാവി വിപിൻ റാവത്തിന്റെ കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു.എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
















Comments