തിരുപ്പതി : തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ ലാൻസ് നായിക് ബി സായ് തേജയും (27) ഉൾപ്പെടുന്നു. എല്ലാ പര്യടനങ്ങളിലും റാവത്തിനൊപ്പം നിന്ന സായി തേജ അവസാന യാത്രയിലും റാവത്തിന് അകമ്പടിയായി .
2013ൽ ഇന്ത്യൻ ആർമിയിൽ ചേർന്ന സായി തേജ ചിറ്റൂർ ജില്ലയിലെ കുരബലക്കോട്ട മണ്ഡലത്തിലെ ഈഗുവ റെഗഡ സ്വദേശിയാണ് . ഭാര്യയും ഒരു മകളും ഒരു മകനുമുണ്ട്. ഇന്ന് രാവിലെ വീഡിയോ കോളിലൂടെയാണ് ഭാര്യ ശ്യാമളയോടും നാല് വയസുള്ള മകനോടും രണ്ട് വയസുള്ള മകളോടും അവസാനമായി സംസാരിച്ചത് .
കാർഷിക കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു സായ് തേജ. അച്ഛൻ മോഹൻ കർഷകനും അമ്മ ഭുവനേശ്വരി വീട്ടമ്മയുമാണ്. സഹോദരൻ മഹേഷും സൈനികനാണ് . നിലവിൽ സിക്കിമിലാണ് നിയമനം.
ഒരു വർഷം മുമ്പാണ് മക്കളുടെ വിദ്യാഭ്യാസത്തിനായി സായി തേജ തന്റെ കുടുംബത്തെ മദനപ്പള്ളി ടൗണിലെ എസ്ബിഐ കോളനിയിലേക്ക് മാറ്റിയത്. ജനറൽ ബിപിൻ റാവത്തിന്റെ എല്ലാ പര്യടനങ്ങളിലും സായി തേജ ഒപ്പമുണ്ടായിരുന്നു. ഏഴുമാസം മുമ്പാണ് ജനറൽ ബിപിൻ റാവത്തിന്റെ എസ്പിഒയായി സായ് തേജ ചേർന്നത്. രണ്ടു ദിവസത്തെ പര്യടനത്തിനായാണ് അദ്ദേഹം ജനറലിനൊപ്പം തമിഴ്‌നാട്ടിൽ എത്തിയത്. മൂന്ന് മാസം മുമ്പ് വിനായ ചതുർത്ഥി ഉത്സവ സമയത്താണ് അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്. ഒരു മാസം കുടുംബത്തോടൊപ്പം ചെലവഴിച്ചു. ലീവിന് അപേക്ഷ നൽകാമെന്നും ജനുവരിയിൽ സംക്രാന്തി ഉത്സവത്തിന് നാട്ടിലേക്ക് മടങ്ങാമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു.
















Comments