ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരണപ്പെട്ട ഹെലികോപ്റ്റർ അപകടം സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിശദീകരണം ഇന്ന്. അപകടം സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയിലും രാജ്യസഭയിലും പ്രസ്താവന നടത്തും. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ അപകടകാരണങ്ങളിലേക്ക് കടക്കില്ലെന്നാണ് വിവരം. അപകടം നടന്നതിന് തൊട്ടുപിന്നാലെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വ്യോമസേന മേധാവി എയർചീഫ് മാർഷൽ വി.കെ.ചൗധരിയും ഇന്നലെ തന്നെ സംഭവസ്ഥലം സന്ദർശിച്ചിരുന്നു.
അതേസമയം ബിപിൻ റാവത്തിനോടുള്ള ആദരസൂചകമായി ഇന്ന് ദേശീയ ദുഖാ:ചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കും. സൈനിക വിമാനത്തിലാണ് മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കുക. ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മുതൽ രണ്ടുമണി വരെ കാമരാജ് റോഡിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വയ്‌ക്കും. ശവസംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച നടക്കും. ഡൽഹി കന്റോൺമെന്റിലാണ് അന്തിമ സംസ്‌കാരചടങ്ങുകൾ നടക്കുന്നത്.
ബുധനാഴ്ച ഉച്ചയ്‌ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരിൽ സൈനിക വിമാനം തകർന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
















Comments