ന്യൂഡൽഹി: കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച പുതുക്കിയ കരട് നിർദ്ദേശം സ്വീകാര്യമാണെന്ന് സംയുക്ത കിസാൻ മോർച്ച. ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചതായി സംഘടനകൾ അറിയിച്ചു. ഈ സാഹചര്യത്തിൽ ഡൽഹി അതിർത്തികളിലെ സമരം അവസാനിപ്പിക്കുന്നതിൽ ഇന്ന് ഉച്ചയ്‌ക്ക് സിംഘുവിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗം തീരുമാനമെടുക്കും.
ആഭ്യന്തരമന്ത്രാലയം കൈമാറിയ കരട് നിർദ്ദേശത്തിലെ ചില കാര്യങ്ങളിൽ കിസാൻ മോർച്ച വിശദീകരണം തേടിയിരുന്നു. ഇതോടെയാണ് പുതുക്കിയ കരട് നൽകിയത്. ബുധനാഴ്ച രാവിലെ ചേർന്ന കിസാൻ മോർച്ച ഉപസമിതി യോഗം ഇത് പരിശോധിച്ചു. തുടർന്ന് സിംഘുവിൽ യോഗം ചേർന്നാണ് കരട് സ്വീകാര്യമാണെന്ന തീരുമാനം എടുത്തത്.
കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിർത്തിയിൽ സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ അടിയന്തിരമായി പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. സമരം പിൻവലിച്ചാൽ കേസുകൾ പിൻവലിക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചത്.
ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി റോഡ് ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ ഉടൻ തീരുമാനം ഉണ്ടായേക്കുമെന്നാണ് ചർച്ചയിൽ പ്രതിഷേധക്കാർ പറഞ്ഞത്.
















Comments