ന്യൂഡൽഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബെറ്റർ ഡോട്ട് കോം കമ്പനി സിഇഒ വിശാൽ ഗാർഖ് ആണ് 900 ജീവനക്കാരെ വീഡിയോ കോളിലൂടെ പിരിച്ചുവിട്ടത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കമ്പനിയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് എത്തിയിരിക്കുകയാണ് വിശാൽ ഗാർഖ്.
സംഭവത്തെ താൻ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് വിശാൽ പറഞ്ഞു. തന്റെ ആശയവിനിമയം ശരിയായില്ല. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. എല്ലാവർക്കും വിഷമമുണ്ടായതായി വാർത്തകൾ കണ്ടിരുന്നു. അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വിശാൽ വ്യക്തമാക്കി. വിപണി, പ്രകടനം, ഉൽപ്പാദനക്ഷമത എന്നിവയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. യുഎസിലെയും ഇന്ത്യയിലെയും ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
വീഡിയോ കോളിനിടെ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു.’ഇത് നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയല്ലെന്ന് പറഞ്ഞാണ് മീറ്റിംഗ് തുടങ്ങുന്നത്. ഈ വീഡിയോ കോളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന നിങ്ങൾ കമ്പനി പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്ന നിർഭാഗ്യരായ വ്യക്തികളാണ്. നിങ്ങളെ ഈ സ്ഥാപനത്തിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നു’ എന്നാണ് വിശാൽ പറഞ്ഞത്.
















Comments