ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 142 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് ലഭിക്കുന്ന മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് ഏത് നിമിഷവും ഷട്ടറുകൾ തുറന്നുവിടുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നുവിട്ടതിനെ തുടർന്ന് വള്ളക്കടവ്, വണ്ടിപ്പെരിയാർ അടക്കമുള്ള നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു.
അതേസമയം മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ കേരളം പുതിയ അപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്. അണക്കെട്ടിൽ നിന്നും രാത്രി വെള്ളം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണം എന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു വിടുന്നത് തീരുമാനിക്കാൻ പുതിയ സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരു സംസ്ഥാനങ്ങളിലേയും അംഗങ്ങൾ സമിതിയിൽ ഉണ്ടാകണമെന്നും അപേക്ഷയിൽ പറയുന്നു. രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോക്ഷം ശക്തമായതോടെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
അതിനിടെ നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിന്റെ തുറന്ന ഷട്ടറുകൾ അടച്ചു. 40 സെന്റിമീറ്റർ ഉയർത്തിയ മൂന്നാം നമ്പർ ഷട്ടറാണ് അടച്ചത്. ശക്തമായ നീരൊഴുക്കിനെ തുടർന്ന് ചൊവ്വാഴ്‌ച്ച രാവിലെയാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്നത്. നാല് മാസത്തിനിടെ മൂന്ന് തവണയാണ് ഇടുക്കി അണക്കെട്ട് തുറന്നത്.
Comments