ചെന്നൈ: സൈനിക ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ വിദഗ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലേക്ക് മാറ്റിയേക്കും. നിലവിൽ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലാണ് വരുൺ സിംഗ് ഉള്ളത്. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള വരുൺ സിംഗിനെ തിരികെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള പ്രയത്‌നത്തിലാണ് ഡോക്ടർമാരുടെ വിദഗ്ധ സംഘം. ആവശ്യമെങ്കിൽ അദ്ദേഹത്തെ ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.
വരുൺ സിംഗിന്റെ ചികിത്സയ്‌ക്ക് വേണ്ടി കോയമ്പത്തൂർ നിന്നും വിദഗ്ധ സംഘം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും തമിഴ്നാട് സർക്കാർ ഒരുക്കി. രാജ്യം ശൗര്യചക്ര നൽകി ആദരിച്ച ധീര സൈനികനാണ് വരുൺ സിംഗ്. അടിയന്തര സാഹചര്യത്തിൽ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ആയിരുന്നു അദ്ദേഹത്തിന് ശൗര്യ ചക്ര ബഹുമതി ലഭിച്ചത്.
അതേസമയം അപകടത്തിൽപ്പെട്ട വ്യോമസേന ഹെലികോപ്ടറിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. വെല്ലിംഗ്ടൺ എടിസിയുമായി സമ്പർക്കത്തിൽ എന്നായിരുന്നു ഏറ്റവും അവസാനം പൈലറ്റ് നൽകിയ സന്ദേശം. അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സ് അന്വേഷണ സംഘം കണ്ടെത്തി. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ബ്ലാക്ക് ബോക്‌സ് പരിശോധന സഹായിക്കും.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്‌സ് നായ്ക് വിവേക് കുമാർ, ലാൻഡ്‌സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
















Comments