ജമ്മു: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിനും ഒപ്പം മരണമടഞ്ഞ മറ്റ് സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് ജമ്മുവിലെ സ്‌കൂൾ വിദ്യാർത്ഥികൾ. ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കശ്മീർ സ്വദേശികളുടെ പേരിൽ സോഷ്യൽ മീഡിയകളിലെ വ്യാജ അക്കൗണ്ടുകളിൽ നിറയുന്ന വിദ്വേഷ പരാമർശങ്ങൾ തിരുത്തിക്കുറിക്കുന്നത് കൂടിയായി കുട്ടികളുടെ സ്‌നേഹപ്രകടനം.
ജനറൽ റാവത്തിന്റെയും മറ്റ് സൈനികരുടെയും ചിത്രങ്ങൾക്ക് മുൻപിൽ മെഴുകുതിരി തെളിച്ചാണ് കുട്ടികൾ ആദരവ് അർപ്പിച്ചത്. പ്രതിരോധ സേനയ്‌ക്ക് മാത്രമല്ല രാജ്യത്തിന് മുഴുവൻ ദുരന്ത വാർത്തയാണ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗമെന്ന് സ്‌കൂളിലെ വിദ്യാർത്ഥിനി ഭൂമി താക്കൂർ പറഞ്ഞു.
ലോകത്തിന് മുഴുവൻ മാതൃകയായി സ്വയം സമർപ്പിച്ച വ്യക്തിത്വമായി ജനറൽ ബിപിൻ റാവത്ത് മാറിയതായി സ്‌കൂൾ ജീവനക്കാരൻ പറഞ്ഞു. ഒരിക്കലും അത് മറക്കാനാകില്ല. ഇന്ത്യൻ സേനയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഓഫീസറായിരുന്നു അദ്ദേഹമെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.
രാജ്യവിരുദ്ധശക്തികൾക്ക് മുൻപിൽ ഒരു വൻമതിലായിരുന്നു ജനറൽ ബിപിൻ റാവത്ത് എന്നായിരുന്നു മറ്റൊരു ജീവനക്കാരന്റെ വാക്കുകൾ. മുൻപെങ്ങുമില്ലാത്ത വഴികളിലൂടെ രാജ്യത്തിന്റെ സായുധസേനയെ നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവൻ ജനങ്ങളും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദു:ഖിതരാണ്. അപകടത്തിൽ നിന്ന് രക്ഷപെട്ട സൈനികന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ചുമതലയിൽ ഇരിക്കവേ കശ്മീരിനായി പ്രത്യേക ശ്രദ്ധ പതിപ്പിച്ച സേനാമേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത്.
















Comments