ന്യൂഡൽഹി:സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദുരന്തത്തിന്റെ വേദനയിലാണ് ഓരോ ഭാരതീയനും.ധീര സൈനികരുടെ പൊടുന്നനെയുണ്ടായ വേർപാട് ദേശസ്‌നേഹികൾക്കാർക്കും ഇത് വരെ ഉൾക്കൊള്ളാനായിട്ടില്ല.പകരം വെക്കാനില്ലാത്ത നീണ്ട 43 വർഷത്തെ സേവനം രാജ്യത്തിന് നൽകിയാണ് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി വിടപറഞ്ഞത്.അവസാന യാത്രയിലും അദ്ദേഹത്തിന്റെ പ്രിയതമയും സാമൂഹ്യ പ്രവർത്തകയുമായ മധുലിക റാവത്ത് ഒരുമിച്ചത് എല്ലാവർക്കും തീരാവേദനയായി.
കൂനൂരിലെ ഹെലികോപ്ടർ അപകടവാർത്ത പുറത്ത് വന്നതിനു പിന്നാലെ സംയുക്ത സൈനിക മേധാവി രാജ്യത്തിന് നൽകിയ സംഭാവനകൾ ഓർക്കുകയാണ് ഓരോ ഭാരതീയനും.ശക്തവും അചഞ്ചലമായതുമായ നിലപാടുകളിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്നവരുടെ കൂട്ടത്തിൽ മുൻ നിരയിൽ ഉള്ളയാളായിരുന്നു അദ്ദേഹം.വേദനയോടെ സംയുക്തസൈനിക മേധാവിയും ഭാര്യയും ഉൾപ്പടെയുള്ള 13 പേർക്ക് പ്രണാമമർപ്പിക്കുകയാണ് ഭാരതം.
ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നുള്ള സോയബ് ഖാൻ എന്ന കലാകാരൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് സമർപ്പിച്ച ഛായാചിത്രം ആദരവോടെയാണ് എല്ലാവരും കാണുന്നത്.എട്ടടിയോളം വലുപ്പത്തിൽ കരി ഉപയോഗിച്ച് വരച്ച ചിത്രം, ഭാരതീയരെ ധീര സൈനികന്റെ ജ്വലിക്കുന്ന ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു.
കത്തുന്ന മെഴുകുതിരിക്കരികിൽ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന വിധമാണ് സംയുക്ത സൈനിക മേധാവിയെ സോയബ് ഖാൻ വരച്ചത്. മുൻപും നിരവധിപേരുടെ ചിത്രങ്ങൾ ക്യാൻവാസിലേക്ക് പകർത്തിയിട്ടുണ്ടെങ്കിലും ഇത്ര വേദനയോടെ ഈറനണിഞ്ഞുകൊണ്ട് പകർത്തിയ മറ്റൊരു ചിത്രവും ഉണ്ടായിട്ടില്ലെന്ന് സോയബ് ഖാൻ പറഞ്ഞു.അപകടവാർത്ത അറിഞ്ഞത് മുതൽ പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. സോയബ് ഖാൻ എന്നാൽ വൈകുന്നേരത്തോടെ വിയോഗവാർത്ത പുറത്ത് വന്നപ്പോൾ ഏറെ സമയമെടുത്താണ് ഉൾക്കൊണ്ടതെന്ന് സോയബ് ഖാൻ കൂട്ടിച്ചേർത്തു. മരിക്കാത്ത ഓർമ്മകളുമായി ധീര സൈനികർ എന്നും ഭാരതീയരുടെ ഉള്ളിലുണ്ടാവുമെന്ന് സോയബ് ഖാൻ പറഞ്ഞു.
















Comments