തിരുവനന്തപുരം: എമർജൻസി ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരത്തിന് ഉറച്ച് പിജി ഡോക്ടർമാർ. സമരം ചെയ്താൽ കർശന നടപടിയെന്ന സർക്കാർ മുന്നറിയിപ്പ് അവഗണിച്ചാണ് പിജി ഡോക്ടർമാർ സമരത്തിന് ഇറങ്ങുന്നത്. സമരം തുടർന്നാൽ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
നീറ്റ്-പിജി പ്രവേശനം നീളുന്നത് മൂലം ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ലെന്ന് ഡോക്ടർമാർ പറയുന്നു. വാഗ്ദാനങ്ങൾ മാത്രമാണ് സർക്കാർ പറയുന്നതെന്നും ഒന്നും നടപ്പിലാക്കുന്നില്ലെന്നും ആരോപിച്ച ഡോക്ടർമാർ സമരത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്താലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.
സർക്കാർ നൽകിയ ഉറപ്പ് പാലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെയാണ് വെള്ളിയാഴ്ച മുതൽ എമർജി ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരത്തിലേക്ക് ഡോക്ടർമാർ നീങ്ങുന്നത്. ഇതിനിടെ കോഴിക്കോടും തൃശൂരും സമരം ചെയ്തവരെ ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കാൻ ശ്രമം തുടങ്ങിയെന്ന് ഡോക്ടർമാർ പ്രതികരിച്ചു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറച്ചതിൽ കെ.ജി.എം.ഒ.എയും സമരം തുടരുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലാണ് കെ.ജി.എം.ഒ.എയുടെ നിൽപ്പ് സമരം.
















Comments