കോഴിക്കോട്:മുസ്ലിം ലീഗ് എന്നും സമുദായ ഐക്യം ഉറപ്പാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. വഖഫ് നിയമനം ധാർമികമാകണം. സമുദായത്തിന്റെ ഐക്യത്തിൽ വിള്ളലുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്നും സമസ്തയുടെ മുൻനേതാക്കൾ ലീഗിനോടൊപ്പം നിന്നാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്ക് ശേഷം കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ ഐക്യത്തെ ലീഗ് കണ്ണിലെ കൃഷ്ണമണി പോലെ കാണുന്നുവെന്നും അതുകൊണ്ടാണ് സമസ്ത നേതാക്കൾ ലീഗിനൊപ്പം ചേർന്ന് നിന്നതെന്നും തങ്ങൾ പറഞ്ഞു. ആ കട്ടിൽ കണ്ട് ക്ലിഫ് ഹൗസിലടക്കം ആരും പനിച്ചു കിടക്കേണ്ടെന്നു സാദിഖലി തങ്ങൾ പരിഹസിച്ചു. സമസ്ത മുൻ പ്രസിഡന്റുമാരും ലീഗും തമ്മിലുള്ള ബന്ധം എണ്ണിപ്പറഞ്ഞ് ജിഫ്രി തങ്ങളെ പരോക്ഷമായി വിമർശിച്ചായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം.
സമുദായ ഐക്യവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്, വഖഫ് ബോർഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സമസ്തയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി ഡോ എം കെ മുനീർ രംഗത്തെത്തി . മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലി മുസ്ലിം ജനത ആരുടെ കൂടെയെന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബിൽ കൊണ്ടുവന്ന് പിൻവലിക്കുന്നത് വരെ ലീഗ് പ്രക്ഷോഭം തുടരുമെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.
















Comments