ന്യൂഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെതിരായ സംസ്ഥാന സർക്കാർ അഭിഭാഷകയുടെ വിദ്വേഷകരമായ പരാമർശത്തിനെതിരെ വിമുക്തഭടൻമാർ കേരളത്തിലെ അഡ്വക്കേറ്റ് ജനറലിന് കത്തെഴുതി.ജനറൽ ബിപിൻ റാവത്തിന്റെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സിപിഎം സഹയാത്രികയും അഭിഭാഷകയുമായ രശ്മിതാ രാമചന്ദ്രൻ വിവാദ പരാമർശവുമായി രംഗത്തെത്തിയത്. മരണം ഒരാളെ വിശുദ്ധനാക്കുന്നില്ലെന്നായിരുന്നു രശ്മിതയുടെ പരാമർശം.
വിമുക്ത ഭടൻമാർ എജിക്ക് അയച്ച കത്തിൽ നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന പവിത്രമായ സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും നീതിയുടെ ക്ഷേത്രത്തിൽ സേവിക്കുന്ന ഒരു വ്യക്തി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ അവർക്കെതിരെ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കരസേനയിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ സുരേന്ദ്രൻ കെ, രഘുനാഥൻ ഡി,മുൻ വ്യോമസേനാംഗമായിരുന്ന സൻജയൻ,മുൻ നാവിക സേനാംഗമായിരുന്ന സോമശേഖരൻ എന്നിവരുൾപ്പെട്ട സംഘമാണ് എജിക്ക് കത്തയച്ചയത്.വിങ്ങുന്ന ഹൃദയത്തോടെ എഴുതിയ കത്തെന്നായിരുന്നു വിമുക്തഭടൻമാർ കത്തിനെ വിശേഷിപ്പിച്ചത്.
കലാപ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുകയും കശ്മീരിൽ സേവനമനുഷ്ഠിക്കുകയും ചെയ്ത ഉയർന്ന സൈനികനായിരുന്നു ജനറൽ റാവത്ത്. ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ രണ്ട് പെൺമക്കൾക്കൊപ്പം രാജ്യം മുഴുവൻ വിലപിക്കുകയാണ്. എന്നാൽ ആ സമയം ഗവൺമെന്റ് പ്ലീഡറായ രശ്മിത രാമചന്ദ്രൻ അന്തരിച്ച ജനറലിനെ അപമാനിക്കാൻ ശ്രമിച്ചു. ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായത്. സ്ഥാനത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ആസ്വദിക്കുന്ന അവർ അന്തരിച്ച സെനികരുടെ ഭൗതിക ശരീരം സംസ്കരിക്കുക പോലും ചെയ്യാത്ത സമയത്ത് വരെ മോശം പരാമർശങ്ങൾ നടത്തി.അഭിഭാഷകയുടെ ഈ പ്രവർത്തി സംസ്ഥാന സർക്കാരിനെയും സർക്കാർ അഭിഭാഷക സംഘത്തെയും മോശമായി ചിത്രീകരിക്കുന്നു. പ്രതിഷേധങ്ങൾ ശക്തമായി ഉയർന്നിട്ടും അവർ വിവാദ പരാമർശങ്ങൾ തുടരുകയാണെന്ന് കത്തിൽ ആരോപിച്ചു.
വിദ്വേഷം വളർത്താൻ കഴിവുള്ള ഇത്തരം പരാമർശങ്ങൾ കാണുന്നതിൽ വിമുക്തഭടന്മാർ എന്നതിലുപരി കേരളീയർ എന്ന നിലയിൽ തങ്ങൾക്ക് വേദനയുണ്ടെന്ന് വിമുക്തഭടന്മാർ വ്യക്തമാക്കി.രശ്മിതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച ദേശീയ സിക്രട്ടറി പി ശ്യാംരാജ് മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവർക്ക് പരാതി നൽകിയിരുന്നു.കൂടാതെ മറ്റ് നിരവധി പേരും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട് സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം രശ്മിതയ്ക്കെതിരെ ഉയർന്നിട്ടുണ്ട്.
















Comments