പനാജി: പ്രിയങ്ക ഗാന്ധിയുടെ ഗോവ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ കൂട്ടരാജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗോവയിൽ എത്തുന്നത്. തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്നതിനായി മറ്റ് പാർട്ടികളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതാണ് പാർട്ടിയിൽ അഭിപ്രായ ഭിന്നത സൃഷ്ടിച്ചതും കൂട്ടരാജിക്ക് കാരണമായതും.
ഇന്ന് രാവിലെയോടെയാണ് പോർവോറിം നിയമസഭാ മണ്ഡലത്തിലെ നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെയ്‌ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. രാജിവെച്ച നേതാക്കൾ സ്വതന്ത്ര എംഎൽഎ രോഹൻ ഖൗണ്ടയെ പിന്തുണയ്‌ക്കുമെന്ന് അറിയിച്ചു. അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് വേണ്ട പ്രാധാന്യം നൽകുന്നില്ലെന്നാണ് രാജിവെച്ച നേതാക്കൾ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിക്കാൻ സമയമായിട്ടും പാർട്ടിയ്‌ക്ക് യാതൊരു താൽപര്യവുമില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് കൂടാതെ, പാർട്ടിയിൽ ഇപ്പോഴുള്ള ചില നേതാക്കളുടെ മനസ്ഥിതി ശരിയല്ലെന്നും ആരോപണം ഉയരുന്നുണ്ട്.
നേതാക്കളുടെ കൂട്ടരാജി കോൺഗ്രസിന് വലിയ തിരിച്ചടിയാകും. ദക്ഷിണ ഗോവയിലെ മുതിർന്ന പാർട്ടി നേതാവ് മൊറിനോ റിബെലോയുടെ രാജിയാണ് പാർട്ടിയെ ഏറെ ക്ഷീണിപ്പിക്കുക. പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടും, കർട്ടോറിം മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ അലിക്‌സോ റെജിനൽഡോ ലോറൻകോയ്‌ക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയതിൽ പ്രതിഷേധിച്ചാണ് മൊറിനോ റിബെലോ രാജിവെച്ചത്. പാർട്ടിയുടെ ഈ തീരുമാനത്തിൽ താൻ അസ്വസ്ഥനാണെന്ന് റിബെലോ പറഞ്ഞു.
‘കഴിഞ്ഞ നാലര വർഷമായി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്ന്, പാർട്ടിയ്‌ക്കെതിരെ പ്രവർത്തിച്ച നേതാവാണ് അലിക്‌സോ റെജിനൽഡോ ലോറൻകോ. കൂടാതെ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന മറ്റ് നേതാക്കൾക്ക് എതിരെ അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാളെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവാത്ത നിലപാടാണ്’ ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയ്‌ക്ക് നൽകിയ കത്തിൽ റിബെലോ കുറിച്ചു.
ഗോവ ഫോർവാർഡ് പാർട്ടി (ജിഎഫ്പി)യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതാണ് പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടാവാനുള്ള കാരണം. എന്നാൽ ജിഎഫ്പി കോൺഗ്രസിന് പിന്തുണ മാത്രമാണ് നൽകുന്നതെന്നാണ് ഗോവയിൽ കോൺഗ്രസിന്റെ ചുമല വഹിക്കുന്ന പി ചിദംബരം വിശദീകരിച്ചത്. കോൺഗ്രസിന് ജിഎഫ്പിയുമായി സഖ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവായ ദിനേഷ് ഗുണ്ടു റാവു, ജിഎഫ്പി നേതാക്കളായ വിജയ് സർദേശായി, ചോദങ്കർ എന്നിവരുമായി നാളെ കൂടിക്കാഴ്ച നടത്തും. കൂടാതെ ജിഎഫ്പി നേതാക്കളുടെ പിന്തുണയെ രാഹുൽ ഗാന്ധിയും സ്വാഗതം ചെയ്തിരുന്നു. ഇതും കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജിയ്‌ക്ക് കാരണമായി.
















Comments