ന്യൂഡൽഹി: ഒടുവിൽ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിക്ക് രാഷ്‌ട്രം വിട നൽകി. ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും ചിതയ്‌ക്ക് മക്കളായ കൃതികയും തരുണിയും ചേർന്ന് തീ കൊളുത്തി. 17 ഗൺ സല്യൂട്ട് നൽകിയായിരുന്നു സൈന്യം ബിപിൻ റാവത്തിന് യാത്ര നൽകിയത്. പൂർണ സൈനിക ബഹുമതികളോടെ ബ്രാർ സ്ക്വയറിലായിരുന്നു അന്ത്യോപചാര ചടങ്ങുകൾ.
വികാര നിർഭരമായ നിമിഷങ്ങൾക്കായിരുന്നു രാജ്യതലസ്ഥാനം വേദിയായത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പടെ ധീര സൈനികന് യാത്രാമൊഴി നൽകാനും അന്ത്യാഞ്ജലിയർപ്പിക്കാനുമായി ആയിരങ്ങളെത്തി. എണ്ണൂറോളം സൈനികരാണ് സംസ്‌കാര ചടങ്ങുകളുടെ ഭാഗമായത്. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക കമാൻഡർമാരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.
അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ബിപിൻ റാവത്തിന്റെ വസതിയിലേക്കും പൊതുദർശന സമയത്ത് എത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ചീഫ് ജസ്റ്റിസ് എൻവി രമണ, ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരെത്തി അന്ത്യോപചാരമർപ്പിച്ചു. രാവിലെ 11മണിക്കായിരുന്നു വസതിയലെ പൊതുദർശനം.
തുടർന്ന് വിലാപയാത്രയായാണ് ഭൗതിക ദേഹം ബ്രാർ സ്‌ക്വയറിലെത്തിച്ചത്. അമർ രഹേ വിളികളുമായി അഭിവാദ്യമർപ്പിച്ച് ആയിരക്കണക്കിന് ജനങ്ങൾ വിലാപയാത്രയിൽ പങ്കുചേർന്നു. സംസ്‌കാര ചടങ്ങുകൾ മതാചാര പ്രകാരം നടന്നപ്പോൾ മക്കൾ ഇരുവരും ചേർന്ന് ചിതയ്‌ക്ക് തീക്കൊളുത്തി. ധീര സൈനികനും പത്‌നിക്കും രാജ്യം യാത്രാമൊഴി നൽകി.
















Comments