അഹമ്മദാബാദ് : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ കുറിച്ച് ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയയാൾ അറസ്റ്റിൽ . ഗുജറാത്തിലെ അമ്രേലി റജുല താലൂക്കിലെ ഭേരായ് ഗ്രാമവാസി ശിവഭായി റാം എന്ന 44 കാരനെയാണ് അഹമ്മദാബാദ് സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തത് .
മുൻപും ഇത്തരം അപകീർത്തികരമായ പോസ്റ്റുകൾ ഇയാൾ ഇട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. ‘ ശിവഭായ് അഹിർ” എന്ന തന്റെ ഫേസ്ബുക്ക് പേജിൽ ഹിന്ദു ദൈവങ്ങളെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും ഇയാൾ നടത്തിയതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജിതേന്ദ്ര യാദവ് പറഞ്ഞു.
വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും, മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . 2010-നും 2014-നും ഇടയിൽ ശിവഭായി ഡെപ്യൂട്ടി സർപഞ്ചായി ഗ്രാമത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ സർപഞ്ചായി തിരഞ്ഞെടുക്കപ്പെടാൻ മോഹമുള്ളതിനാൽ, സോഷ്യൽ മീഡിയയിലൂടെ തന്ത്രപ്രധാനമായ വിഷയങ്ങൾ ഉന്നയിച്ച് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു. .
Comments