തിരുവനന്തപുരം: അട്ടപ്പാടിയിൽ തുടർച്ചയായി ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടിനെതിരെ ആരോഗ്യവകുപ്പ്. ആശുപത്രി സൂപ്രണ്ട് പ്രഭുദാസിനെതിരെയാണ് സർക്കാർ പ്രതികാര നടപടിയെടുത്തത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായി പ്രഭുദാസിനെ സ്ഥലം മാറ്റി.
ആരോഗ്യ മന്ത്രിക്കെതിരായ പരസ്യ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. ശിശുമരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവെച്ചത് ആരോഗ്യ വകുപ്പിനെ പ്രകോപിപ്പിച്ചിരുന്നു. അതേസമയം ഭരണ സൗകര്യാർത്ഥമാണ് സ്ഥലം മാറ്റിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രഭുദാസിന് പകരം പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൾ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല ഇപ്പോൾ കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി നടത്തിയ അട്ടപ്പാടി സന്ദർശനത്തിൽ പ്രഭുദാസ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മന്ത്രിയുടെ സന്ദർശനവേളയിൽ തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്നായിരുന്നു പ്രഭുദാസിന്റെ ആരോപണം. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ഇതിന് പിന്നിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും തനിക്ക് പറയാനുള്ളത് കേൾക്കാതെ തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് നീക്കമെന്നും പ്രഭുദാസ് പ്രതികരിച്ചിരുന്നു.
















Comments