ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്‌നിയുടെയും ചിതാഭസ്മം ഏറ്റുവാങ്ങി മക്കൾ. രാവിലെ ബ്രാർ സ്‌ക്വയറിലെ ശ്മശാനത്തിലെത്തിയാണ് മക്കളായ കൃതികയും തരിണിയും ചിതാഭസ്മം ഏറ്റുവാങ്ങിയത്.
ഗംഗയിൽ കുടുംബപരമായ ചടങ്ങുകളോടെ ഇരുവരുടെയും ചിതാഭസ്മം നിമജ്ഞനം ചെയ്യും. അടക്കാനാവാത്ത ദു:ഖം ഉള്ളിലൊതുക്കിയാണ് ഇരുവരും ചിതാഭസ്മം ഏറ്റുവാങ്ങിയത്. അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഇവർക്കൊപ്പമാണ് ഹരിദ്വാറിലേക്കുളള യാത്ര.
കൃതികയും അനുജത്തി തരിണിയും ചേർന്നാണ് ഇന്നലെ ഇരുവരുടെയും അന്ത്യകർമ്മങ്ങൾ നടത്തിയതും.
ഇന്നലെയാണ് ജനറൽ ബിപിൻ റാവത്തിനും പത്‌നി മധുലിക റാവത്തിനും രാജ്യം വീരോചിതമായി വിട നൽകിയത്. കഴിഞ്ഞ ദിവസം ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു 11 സൈനികർക്കൊപ്പം ഇരുവരും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടത്. നീലഗിരി കൂനൂരിലായിരുന്നു അപകടം.
വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിൽ എത്തിച്ച ഭൗതിക ശരീരം സമ്പൂർണ സൈനിക ബഹുമതികളോടെയാണ് ഇന്നലെ സംസ്‌കരിച്ചത്.
















Comments