ബ്രിസ്‌ബെയിൻ: ആഷസ്സ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസീസിന് തകർപ്പൻ ജയം. സ്വന്തം മണ്ണിൽ കങ്കാരുപ്പട ഇംഗ്ലണ്ടിനെ 9 വിക്കറ്റുകൾക്കാണ് തകർത്തത്. രണ്ടാം ഇന്നിംഗ്‌സിൽ ചെറുത്തുനിന്ന ഇംഗ്ലണ്ടിനെ 297 ൽ വീഴ്‌ത്തിയ ആതിഥേയർ ജയിക്കാൻ വേണ്ട 20 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയാണ് ആദ്യ ടെസ്റ്റ് കൈപ്പിടിയിലാക്കിയത്.
ആദ്യ ഇന്നിംഗ്‌സിൽ 147 റൺസിൽ എല്ലാവരും പുറത്തായ ഇംഗ്ലീഷ് നിരയ്‌ക്കെതിരെ ഓസീസ് 425 റൺസെന്ന മികച്ച സ്‌കോറാണ് അടിച്ചുകൂട്ടിയത്. മികച്ച ഫോമിലേക്കുയർന്ന ഡേവിഡ് വാർണറുടെ 94 റൺസും മദ്ധ്യനിരയിൽ ട്രാവിസ് ഹെഡിന്റെ 152 റൺസും ലബുഷാനേയുടെ 74 റൺസുമാണ് ഓസീസിന് കരുത്തായത്. ബൗളിംഗിലും തിളങ്ങിയ കങ്കാരുക്കൾക്കായി പാറ്റ് കമ്മിൻസ് 5 വിക്കറ്റ് വീഴ്‌ത്തി.
രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിൽ കുറേക്കൂടി സ്ഥിരത കാണിച്ച ഇംഗ്ലണ്ടിനായി മദ്ധ്യനിരയിൽ 82 റൺസുമായി ഡേവിഡ് മലാനും 89 റൺസുമായി ക്യാപ്റ്റൻ ജോ റൂട്ടും 162 റൺസിന്റെ മികച്ച ചെറുത്തുനിൽപ്പാണ് നടത്തിയത്. എന്നാൽ പിന്നീട് ബട്‌ലറും വോക്‌സും 23നും 16നും വീണതോടെ ഇംഗ്ലണ്ട് 287ൽ രണ്ടാം ഇന്നിംഗ്‌സും അവസാനിപ്പിച്ചു.
ഓസീസിനായി പാറ്റ്കമ്മിൻസ് രണ്ടാം ഇന്നിംഗ്‌സിൽ 2 വിക്കറ്റ് വീഴ്‌ത്തി തന്റെ ആകെ നേട്ടം 7 ആക്കി ഉയർത്തി. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലീഷ് നിരയെ തകർത്തത് 4 വിക്കറ്റുകൾ വീഴ്‌ത്തിയ നാഥാൻ ലയോണാണ്. ജയിക്കാൻ വേണ്ട 20 റൺസ് 6-ാംമത്തെ ഓവറിൽ എടുത്തുകൊണ്ട് ഓസീസ് ആദ്യ ടെസ്റ്റിന്റെ അവകാശികളായി. രണ്ടാം ടെസ്റ്റ് ഈ മാസം 16ന് അഡ്‌ലയ്ഡിൽ നടക്കും.
Comments