വാളയാർ: ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം വാളയാർ ചെക്ക്‌പോസ്റ്റ് കടന്ന് ജന്മനാട്ടിലേക്ക്. മൃതദേഹം മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ വാളയാറിൽ ഏറ്റുവാങ്ങി. പ്രദീപിന്റെ നാട്ടുകാർ ഉൾപ്പെടെ മൃതദേഹം ഏറ്റുവാങ്ങാൻ വാളയാർ അതിർത്തിയിൽ എത്തിയിരുന്നു.
പ്രദീപിന്റെ ഭൗതിക ദേഹവുമായി ഡൽഹിയിൽ നിന്ന് രാവിലെ ഏഴ് മണിയോടെ പുറപ്പെട്ട വിമാനം സൂലൂർ വ്യോമതാവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. അവിടെ നിന്ന് റോഡ് മാർഗമാണ് തൃശൂരിലേക്ക് പോകുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പ്രദീപിന്റെ ഭൗതിക ദേഹത്തെ അനുഗമിക്കുന്നുണ്ട്. വിലാപയാത്രയായാണ് വാളയാറിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുപോകുന്നത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്ര. പുത്തൂരിലേക്കുള്ള യാത്രയിൽ പ്രദീപിന് അന്തിമോപചാരമർപ്പിക്കാൻ ആയിരക്കണക്കിന് പേരാണ് വാളയാർ-തൃശൂർ ദേശീയ പാതയിൽ വഴിനീളെ എത്തിയത്.
പ്രദീപ് പഠിച്ച പുത്തൂർ ഹൈസ്‌കൂളിൽ ആദ്യം പൊതുദർശനത്തിന് വെച്ച ശേഷമായിരിക്കും സംസ്‌കാരം. വൈകീട്ട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ചടങ്ങുകൾ.
വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് അകടത്തിൽ ജീവൻ പൊലിഞ്ഞ പ്രദീപിനെ തിരിച്ചറിയാനായത്. തൃശൂർ പുത്തൂർ സ്വദേശിയായ പ്രദീപ് 2004ലാണ് സൈന്യത്തിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകൾക്കെതിരെയുള്ള ഓപ്പറേഷനിലും പ്രദീപ് പങ്കെടുത്തിരുന്നു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്ടർ ദുരന്തത്തിലാണ് മലയാളിയായ പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്.
















Comments