ഡെറാഡൂൺ: അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ അനുസ്മരിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്.ജന.ബിപിൻ റാവത്തിനെ പോലെ ധീരരായ ആളുകൾ ദേശീയപതാകയുടെ അഭിമാനം സംരക്ഷിക്കുന്നതിനാൽ ദേശീയ പതാക ഉയരത്തിൽ പറക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയിലെ കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡെറാഡൂൺ മിലിട്ടറി അക്കാദമിയിൽ നിന്ന് വിജയകരമായി പരിശീലനം പൂർത്തിയ്‌ക്കിയ കേഡറ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. ശൗര്യത്തിന്റെയും വിവേകത്തിന്റേയും യാത്ര ഉടൻ ആരംഭിക്കുന്ന 387 മികച്ച കേഡറ്റുകളെ കാണുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, മാലിദ്വീപ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, താജിക്കിസ്ഥാൻ, ടാൻസാനിയ, തുർക്ക്‌മെനിസ്ഥാൻ, വിയറ്റ്‌നാം എന്നീ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളും ഉള്ളതിൽ ഇന്ത്യ അഭിമാനം കൊള്ളുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.10 വിദേശ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 68 ജെന്റിൽമാൻ കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കിയിരുന്നു.
ഐഎംഎയിലെ ചേത്വോഡ് ബിൽഡിംഗ് ഡ്രിൽ സ്‌ക്വയറിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ രാഷ്‌ട്രപതിയെ കൂടാതെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗും പങ്കെടുത്തു.
പ്രാദേശിക തലത്തിലും ആഗോള തലത്തിലും രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും രാഷ്‌ട്രപതി കേഡറ്റുകളോട് സംസാരിച്ചു. രാജ്യത്തിന്റെ ആധുനിക കാലത്തെ ഭീഷണികളെ നേരിടാൻ ശാരീരികവും മാനസികവുമായ കാഠിന്യം മാത്രം പോരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനിക നേതാക്കളെന്ന നിലയിൽ ഉദ്യോഗസ്ഥർക്ക് തന്ത്രപരമായ മാനസികാവസ്ഥ വളർത്തിയെടുക്കുകയും പൊരുത്തപ്പെടുന്ന സ്വഭാവം വളർത്തുകയും കഴിവുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ മാനസിക പ്രതിരോധം നേടുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശരാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകൾ ഉൾപ്പടെ 149 റെഗുലർ കോഴ്സുകളിലേയും 132 ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേയും മൊത്തം 387 ജെന്റിൽമാൻ കേഡറ്റുകളും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് വിജയകരമായി പരിശീലനം പൂർത്തിയാക്കി.
















Comments