പാലക്കാട്; ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ വിലാപയാത്രയിൽ പുഷ്പാർച്ചന നടത്തി ആയിരങ്ങൾ. പാലക്കാട് ചന്ദ്രനഗറിലെത്തിയ വിലാപയാത്രയിൽ ബിജെപി പ്രവർത്തകരും നാട്ടുകാരും അടക്കം വലിയ ജനാവലിയാണ് പങ്കെടുത്തത്.
പാലക്കാട് ബിജെപിയുടെ നഗരസഭ കൗൺസിലർ ഉൾപ്പടെ നിരവധി പേർ ചന്ദ്രനഗറിലെത്തിയ പ്രദീപിന്റെ ഭൗതികദേഹത്തിന് പുഷ്പചക്രം സമർപ്പിച്ചു. ബിജെപി പ്രവർത്തകരടക്കം ചന്ദ്രനഗറിൽ വഴിനീളെ നിന്നിരുന്ന നൂറുക്കണക്കിന് പേർ ഭൗതികദേഹത്തിന് പുഷ്പാർച്ചന നടത്തി. പാലക്കാട് നഗരസഭ ചെയർപേഴ്‌സൺ പ്രിയ അജയനും സംസ്ഥാന ട്രഷറർ. പി. കൃഷ്ണദാസ് ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ ചന്ദ്രനഗറിലെത്തിയ വിലാപയാത്രയിൽ പ്രദീപിന് അന്തിമോപചാരമർപ്പിച്ചു.
പുത്തൂരിലേക്കുള്ള യാത്രക്കിടെ പാലക്കാട് നഗരത്തിൽ ദേശീയ പതാകയും, കൈകളിൽ പുഷ്പങ്ങളുമായി നിരവധി പേരാണ് നിന്നിരുന്നത്. ധീരസൈനികന് അന്തിമോപചാരമർപ്പിക്കാൻ ഏറെ നേരമായി കാത്തുനിൽക്കുന്ന ജനക്കൂട്ടമായിരുന്നു വഴിനീളെ. വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളികളുമായി കൈക്കൂപ്പി നിന്നിരുന്ന ഓരോരുത്തരും പ്രദീപിന്റെ മൃതദേഹം കാത്തുനിൽക്കുന്ന കാഴ്ച അത്യധികം വികാരനിർഭരമായിരുന്നു. രാത്രി ഒരു മണിയോടെ ഭൗതികദേഹം ചന്ദ്രനഗറിലെത്തുമെന്ന് അറിയിച്ചരുന്നതിനാൽ അർദ്ധരാത്രി മുതൽ വഴിയിൽ പുഷ്പങ്ങളുമായി കാത്തുനിന്നിരുന്നവരാണ് ഏറെയും.
കേന്ദ്രമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ നിന്ന് ഭൗതികദേഹത്തെ അനുഗമിച്ചിരുന്നു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, ആർ ബിന്ദു എന്നിവരോടൊപ്പം പാലക്കാട് ജില്ലാ കലകടർ മൃൺമയി ജോഷി, ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പി. കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവർ വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങാനെത്തിയിരുന്നു.
















Comments