ബന്ദിപ്പോര: കശ്മീരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ മൊഹമ്മദ് സുൽത്താന്റെ മകളുടെ കരച്ചിൽ സമൂഹമാദ്ധ്യമങ്ങളിൽ വേദനക്കാഴ്ചയായി. 23 സെക്കൻഡുളള വീഡിയോയാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. കശ്മീർ പോലീസും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഈ കുടുംബത്തിനൊപ്പം ഉണ്ടെന്നും ഈ മകളെ അനാഥയാക്കിയ തീവ്രവാദികളെ വെറുതെ വിടില്ലെന്നുമായിരുന്നു കശ്മീർ പോലീസിന്റെ ട്വീറ്റ്. വെളളിയാഴ്ച ഗുൽഷാൻ ചൗക്കിൽ പോലീസ് സംഘത്തിന് നേർക്ക് നടന്ന ഭീകരാക്രമണത്തിലാണ് 37 കാരനായ മൊഹമ്മദ് സുൽത്താൻ കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു മാർക്കറ്റിന്റെ സുരക്ഷ പരിശോധിക്കുന്നതിനിടയിൽ പോലീസിന് നേർക്ക് പെട്ടന്ന് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
മൊഹമ്മദ് സുൽത്താനെക്കൂടാതെ ഫയാസ് അഹമ്മദ് എന്ന പോലീസുകാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൃത്യത്തിന് ശേഷം തീവ്രവാദികൾ പ്രദേശത്ത് നിന്നും അപ്രത്യക്ഷരാകുകയും ചെയ്തു. ഇവർക്കായി പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. ആക്രമണം ഉണ്ടായ ഉടൻ തന്നെ പ്രദേശം വളഞ്ഞ് സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു.
നാല് കുട്ടികളും ഭാര്യയും പിതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു മൊഹമ്മദ് സുൽത്താൻ. സോപ്പോരിലെ ഷാ വാലി മുഖാം ധാംഗർപോര സ്വദേശിയാണ്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് മൊഹമ്മദ് സുൽത്താന്റെ ഭാര്യ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്.
2009 ലാണ് മൊഹമ്മദ് സുൽത്താൻ ജമ്മു കശ്മീർ പോലീസിന്റെ ഭാഗമായത്. 2015 ൽ ബന്ദിപ്പോരയിലായിരുന്നു ആദ്യ പോസ്റ്റിംഗ്. പിന്നീട് കുപ് വാരയിലേക്ക് സ്ഥലം മാറിയെങ്കിലും ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ബന്ദിപ്പോരയിലെത്തി. കുഞ്ഞുങ്ങളുടെ ജനനവും വീട്ടിലേക്ക് തിരിച്ചെത്തിയതുമൊക്കെ കണക്കിലെടുത്ത് സന്തോഷത്തിലായിരുന്നു മൊഹമ്മദ് സുൽത്താൻ. ഈ സന്തോഷവും കുടുംബത്തിന്റെ വിളക്കുമാണ് തീവ്രവാദികൾ അണച്ചുകളഞ്ഞത്.
We stand by the family and assure that the #terrorists responsible to make you orphan shall be soon brought to #justice. https://t.co/H6IPE5whx2
— Kashmir Zone Police (@KashmirPolice) December 10, 2021
Comments