ലക്‌നൗ: താനും അച്ഛന്റെ പാത പിന്തുടരുമെന്ന് ഹെലികോപ്ടർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ എയർഫോഴ്‌സ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാന്റെ മകൾ ആരാദ്ധ്യ. തനിക്കും അച്ഛനെ പോലെ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റാകണമെന്നാണ് ആഗ്രഹമെന്ന് മകൾ പറഞ്ഞു. പിതാവിന്റെ സംസ്‌കാരത്തിന് ശേഷമായിരുന്നു ഏഴാം ക്ലാസുകാരിയുടെ പരാമർശം.
മാർക്കിന്റെ പിന്നാലെ പോകാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അച്ഛൻ തന്നോട് പറഞ്ഞിരുന്നത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാർക്ക് താനെ ലഭിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അച്ഛന്റെ വാക്കുകൾ പിന്തുടരാനാണ് താൻ ആഗ്രഹിക്കുന്നത്. എല്ലാകാര്യത്തിലും അച്ഛനാണ് എന്റെ മാതൃകയെന്നും ആരാദ്ധ്യ പറഞ്ഞു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ട കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ ആണ് വ്യോമസേന വിങ് കമാൻഡറായ പൃഥ്വി സിങ് ചൗഹാനും ജീവൻ നഷ്ടമാകുന്നത്. 42 കാരനായിരുന്ന പൃഥ്വി സിംഗ് ചൗഹാൻ ജനിച്ചതും വളർന്നതും ആഗ്രയിലാണ്. രണ്ട് മക്കളാണ് പൃഥ്വിയ്‌ക്കുള്ളത്. ഏഴ് വയസ്സുകാരൻ അവിരാജും 12കാരിയായ ആരാദ്ധ്യയും.
എലൈറ്റ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നാണ് പൃഥ്വി സിംഗ് ചൗഹാന്റെ സൈനിക ജീവിതം ആരംഭിച്ചത്. 2015-ൽ വിംഗ് കമാൻഡറായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവിൽ കോയമ്പത്തൂരിലെ എയർഫോഴ്സ് സ്റ്റേഷനിലെ 109 ഹെലികോപ്റ്റർ യൂണിറ്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു. ബുധനാഴ്ച, സുലൂർ എയർബേസിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പറന്നുയർന്ന മി17 വി 5 ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു പൃഥ്വി സിംഗ് ചൗഹാൻ.
Comments