ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പിന്നാലെ പഞ്ചാബിലും ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. ഛണ്ഡീഗഡിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 35 ആയി ഉയർന്നു. വിദേശത്ത് നിന്നെത്തിയ ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇറ്റലിയിൽ നിന്നും നവംബർ 22ന് ചണ്ഡീഗഡിൽ എത്തിയ 20 വയസുകാരനാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 1ന് നടത്തിയ കൊറോണ പരിശോധനയിൽ ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ ജീനോം പരിശോധനയിലാണ് ഒമിക്രോൺ ആണെന്ന് കണ്ടെത്തിയത്. കൊറോണ പ്രതിരോധ കുത്തിവെയ്പ്പായ ഫൈസറിന്റെ രണ്ട് ഡോസും സ്വീകരിച്ച വ്യക്തിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഛണ്ഡീഗഡ് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതിനു മുൻപ് ആന്ധ്രപ്രദേശിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നു. അയർലൻഡിൽ നിന്നെത്തിയ 34കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. മാത്രമല്ല, ഇയാൾ വിമാനത്താവളത്തിൽ വെച്ച് നടത്തിയ ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഇതുവരെ, വിദേശത്ത് നിന്നും ആന്ധ്രയിലെത്തിയ പതിനഞ്ച് യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകൾ ജീനോം പരിശോധനയ്‌ക്ക് അയച്ചതായി അധികൃതർ പറഞ്ഞു. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം ഇതോടെ 35ആയി ഉയർന്നു. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്റെ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു. മഹാരാഷ്‌ട്ര, കർണാടക, രാജസ്ഥാൻ എന്നിവയാണ് ഒമിക്രോൺ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങൾ.
















Comments