തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജന്മാരും സമരത്തിലേക്ക് നീങ്ങിയതോടെ ആശുപത്രി പ്രവർത്തനങ്ങൾ സ്തംഭനത്തിലേക്ക്. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് കഴിഞ്ഞ ദിവസം ഹൗസ് സർജന്മാർ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്‌കരിച്ച് കൊണ്ട് നാലാം ദിവസവും പിജി ഡോക്ടർമാർ സമരം തുടരും. രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും പിജി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
4 ശതമാനം സ്‌റ്റൈപൻഡ് വർധന, പി.ജി ഡോക്ടർമാരുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് മെഡിക്കൽ കോളേജുകളിലെ ഒ.പി.യിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്. ആലപ്പുഴയിൽ ഹൗസ് സർജനെ ആക്രമിക്കുകയും അസിസ്റ്റന്റ് പ്രൊഫസറെ അധിക്ഷേപിക്കുകയും ചെയ്ത സംഭവം, ഒരാഴ്ച 60ലധികം മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ എന്നിവയിൽ പ്രതിഷേധിച്ച് കേരള ഗവ. പി.ജി. മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷനും സംസ്ഥാന വ്യാപകമായി ഒ.പി. ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ 11 മണി വരെയാണ് ഒപി ബഹിഷ്‌കരണം. മറ്റ് ആശുപത്രികളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത് ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
മെഡിക്കൽ കോളേജിൽ പി.ജി. ഡോക്ടർമാരുടെ സമരം 13-ാം ദിവസത്തിലേക്കു കടന്നത് ചികിത്സാ സംവിധാനങ്ങളെ കാര്യമായി ബാധിച്ചു തുടങ്ങി. കഴിഞ്ഞ നാല് ദിവസമായി ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റുകയും ഒ.പി. ചികിത്സ മുടങ്ങുകയും ചെയ്തു. അതേസമയം വിഷയത്തിൽ രണ്ട് തവണ ചർച്ച നടത്തിയതായും ആവശ്യങ്ങൾ അംഗീകരിച്ചതായുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിലപാട്. എന്നാൽ ആവശ്യങ്ങളിൽ ചില കാര്യങ്ങൾ മാത്രമാണ് അംഗീകരിച്ചതെന്നും മറ്റുള്ളവ സംബന്ധിച്ച് ഒരു മറുപടിയും വ്യക്തതയുമില്ലെന്നാണ് സമരക്കാർ പറയുന്നത്. സമരം തുടർന്നാൽ ഹാജർ നൽകില്ലെന്നും പരീക്ഷ എഴുതിക്കില്ലെന്ന സർക്കാർ ഭീഷണിയും സമരക്കാർ നേരിടുന്നുണ്ട്.
















Comments