കൊച്ചി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച സംഭവത്തിൽ സർക്കാർ പ്ലീഡർ രശ്മിത രാമചന്ദ്രനെ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രശ്മിതയ്‌ക്കെതിരെ വിമുക്തഭടന്മാരും, യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജുമുൾപ്പെടെ നിരവധി പേരാണ് അഡ്വക്കേറ്റ് ജനറലിന് പരാതി നൽകിയത്.
സർവ്വകലാശാലാ വിഷയത്തിൽ പ്രതികരിക്കുന്നതിനിടെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മറുപടി പറഞ്ഞത്. പരാതിയിൽ സർക്കാർ പ്ലീഡർക്കെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ബിപിൻ റാവത്തിന്റെ മരണ വാർത്തയ്‌ക്ക് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു രശ്മിത രാമചന്ദ്രൻ അധിക്ഷേപവുമായി രംഗത്ത് വന്നത്. ഭരണഘടനാ ചട്ടങ്ങൾ പാലിക്കാതെയാണ് ബിപിൻ റാവത്തിനെ സംയുക്ത സൈനിക മേധാവി ആക്കിയതെന്നും മരണം ആരെയും വിശുദ്ധനാക്കില്ലെന്നുമായിരുന്നു വിമർശനം. സംഭവത്തിൽ രശ്മിതയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് നടപടി സ്വീകരിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ചത്.
















Comments