കൊച്ചി : ബെല്‍സ് പാള്‍സി എന്ന അസുഖം ബാധിച്ചെന്ന് വെളിപ്പെടുത്തി സിനിമ–സീരിയൽ താരം മനോജ്. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് അസുഖവിവരം മനോജ് ആരാധകരുമായി പങ്കുവച്ചത്. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്ന് മനോജ് പറയുന്നു. രോഗംമൂലം മുഖത്തിന്റെ ആകൃതിതന്നെ മാറി . കഴിഞ്ഞ മാസമാണ് ഈ അസുഖം ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് മുഖത്തെ പ്രശ്നം കണ്ടതെന്നും അദ്ദേഹം പറയുന്നു.
സ്ട്രോക്ക് ആണോയെന്നാണ് ആദ്യം ഭയന്നതെന്നും പിന്നീടാണ് തന്നെ ബാധിച്ചത് ബെല്‍സ് പാള്‍സിയാണെന്ന് തിരിച്ചറിഞ്ഞതെന്നും മനോജ് വീഡിയോയിൽ പറയുന്നു. അസുഖത്തെക്കുറിച്ച് ബോധവത്കരണം എന്ന രീതിയിലാണ് ഈ വീഡിയോ പങ്കുവയ്‌ക്കുന്നതെന്ന് മനോജ് പറയുന്നു. ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം എന്റെയടുത്ത് ഒരു കുസൃതി കാണിച്ചതാണ്. അസുഖം വന്നാൽ ആരും ഭയപ്പെടരുത്, മരുന്നെടുത്താല്‍ വേഗം മാറും. താൻ ഇപ്പോൾ ഫിസിയോതെറാപ്പി തുടങ്ങിയെന്നും അസുഖം ഭേദമായി വരുന്നുവെന്നും മനോജ് വ്യക്തമാക്കി.
തന്നെ കണ്ടാൽ പേടി തോന്നരുത് എന്ന ആമുഖത്തോടെയാണ് മനോജ് വീഡിയോ തുടങ്ങിയത് . ‘ നവംബർ 28 നാണ് ആ സംഭവമുണ്ടാകുന്നത്. രാത്രി ഉറക്കാൻ കിടക്കുമ്പോൾ എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയി. തുപ്പുമ്പോൾ ഒരു സൈഡിൽ കൂടിയാണ് വെള്ളം പുറത്തേക്ക് പോകുന്നത്. പല്ല് തേയ്‌ക്കുമ്പോൾ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗത്തിനു എന്തോ വീക്കായതു പോലെ. മുഖത്തിന്റെ ഒരു ഭാഗം വർക്ക് ചെയ്യുന്നില്ലെന്ന് എനിക്ക് മനസിലായി.
ഡോക്ടർ കൂടിയായ എന്റെ അച്ഛന്റെ അനിയനെ വിളിച്ചു. പ്രശ്നങ്ങളെല്ലാം പറഞ്ഞു. ടെൻഷനടിക്കേണ്ട, ബെൽസ് പാൾസിയാണെന്ന് അദ്ദേഹമാണ് പറഞ്ഞത്. ആശുപത്രിയിലെത്തുമ്പോൾ എംആര്‍ഐ എടുത്തു നോക്കാൻ പറഞ്ഞു. തലയില്‍ വേറെ പ്രശ്‌നമൊന്നും ഇല്ലെന്നറിഞ്ഞു. ബെല്‍സി പള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിന്‍ തുടങ്ങി. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു. ഈ വീഡിയോ ഇടുന്നതിനോട് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത് ചെയ്യുന്നതെന്നും മനോജ് പറയുന്നു.
















Comments