തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന പിജി ഡോക്ടർമാരുടെ സമരം തുടരുന്നു. എമർജൻസി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരം അഞ്ചാം ദിവസത്തിലേക്കാണ് കടക്കുന്നത്. സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പിജി ഡോക്ടർമാരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രാവിലെ 10.30ന് ശേഷം എത്തിയാൽ ചർച്ച നടത്താമെന്നാണ് ഡോക്ടർമാർക്ക് ലഭിച്ച അനൗദ്യോഗിക അറിയിപ്പ്. കൂടുതൽ ജൂനിയർ ഡോക്ടർമാരുട നിയമനവും സ്‌റ്റൈപ്പൻഡ് വർദ്ധനയും ആവശ്യപ്പെടും. അതേസമയം തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തിയ ഹൗസ് സർജൻമാർ സമരം അവസാനിപ്പിച്ച് ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കും. 24 മണിക്കൂറായിരുന്നു ഹൗസ് സർജന്മാരുടെ സൂചനാ പണിമുടക്ക്.
ഇന്നലെ പിജി ഡോക്ടർമാരുട സമരത്തെ പിന്തുണച്ച് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) രംഗത്ത് വന്നിരുന്നു. സമരത്തിനോട് സർക്കാരിന് നിസംഗതയാണെന്നും സമരത്തിൽ സർക്കാർ ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
കൊറോണ കാലമായതിനാൽ ഡോക്ടർമാർക്ക് അധിക ജോലി കൂടുതൽ ഭാരമാകുകയാണ്. പകരം ഡോക്ടർമാരെ നിയമിക്കുകയോ പിജി പ്രവേശനം നടത്തുകയോ ചെയ്യണം. പിജി ഡോക്ടർമാർക്ക് നൽകുന്ന സ്‌റ്റൈപ്പൻഡും വർദ്ധിപ്പിക്കണം. തീരുമാനം വൈകുകയാണെങ്കിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമരത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചത്.
















Comments