തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി യുണീക്ക് തണ്ടപ്പേര് നടപ്പാക്കാനൊരുങ്ങി കേരളം. ഇതോടെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കും. ഭൂമി വിവരങ്ങളും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് ഓഗസ്റ്റ് 23ന് കേന്ദ്രസർക്കാർ കേരളത്തിന് അനുമതി നൽകിയിരുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് അനുമതി നൽകിയത്. തുടർന്ന് സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി. സംവിധാനം നടപ്പിലാക്കുന്നതോടെ ഭൂമിക്ക് 13 അക്കങ്ങളുള്ള തണ്ടപ്പേരുണ്ടാകും.
പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെ തണ്ടപ്പേര് എന്ന് പറയുന്നത്. ഭൂരേഖയുമായി ബന്ധപ്പെട്ട സുപ്രധാന നടപടിയാണ് യുണീക്ക് തണ്ടപ്പേര്. പദ്ധതി നടപ്പാക്കുന്നതിലൂടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിയ്‌ക്കും 13 അക്കമുള്ള ഒരു തണ്ടപ്പേരാകും ഉണ്ടാവുക. ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെന്ന് ഇത് പരിശോധിച്ചാൽ മനസിലാകും. ഭൂമി ഉടമയിൽ നിന്നും സമ്മതപത്രം വാങ്ങിയ ശേഷമാകും ആധാറുമായി വിവരങ്ങൾ ബന്ധിപ്പിക്കുക.
സംവിധാനം നിലവിൽ വരുന്നതോടെ ഒരാളുടെ കൈവശമുള്ള ഭൂമി സംബന്ധിച്ച കൃത്യമായ വിവരം സർക്കാരിന് ലഭിക്കും. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെച്ചിരിക്കുന്നവരെ ഇതുവഴി കണ്ടെത്താനാകും. അതേസമയം വിവിധയിടങ്ങളിലുള്ള ഭൂമിയ്‌ക്ക് ഒറ്റതണ്ടപ്പേരാകുമ്പോൾ ബാങ്ക് വായ്പ്പ എടുക്കുന്നത് സംബന്ധിച്ച് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെയ്‌ക്കുന്നുണ്ട്.
Comments