കണ്ണൂർ: കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പ്രാഥമിക വാദം കേട്ട ഹൈക്കോടതി നാളെ വിധി പറയും. ഹർജ്ജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ചാണ് നാളെ വിധിപറയുക. വിധി പ്രതികൂലമാണെങ്കിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.
ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അയച്ച കത്തുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ നാളത്തെ വിധി മന്ത്രിയ്‌ക്കും നിർണ്ണായകമാണ്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 2021 നവംബറിൽ അവസാനിക്കുന്നതിനാൽ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകണമെന്നും പ്രോ വൈസ് ചാൻസലർ എന്ന രീതിയിൽ നിർദ്ദേശിക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു.
യൂണിവേഴ്സിറ്റി നേട്ടങ്ങൾ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലാണ്. പുതിയ റിസർച്ച് ഡയറക്ട്രേറ്റ് തുടങ്ങാൻ അദ്ദേഹം മുൻകൈ എടുത്തു. ഗോപിനാഥിന്റെ കാലാവധി നീട്ടി നൽകുന്നത് സർവ്വകലാശാലയ്‌ക്ക് ഗുണകരമാകും. കണ്ണൂർ സർവ്വകലാശാലയെ സംബന്ധിച്ച് പ്രായം ഒരും നിയന്ത്രണമല്ലെന്നും കത്തിൽ പറയുന്നു. ഗവർണർക്ക് കത്തയച്ചതിന്റെ പേരിൽ മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.
ഉത്തരവിൽ ഒപ്പുവച്ച ഗവർണർക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നാണ് സിപിഎം അറിയിച്ചു. ഉത്തമബോധ്യമില്ലാത്ത കാര്യത്തിൽ ഗവർണർ എന്തിന് ഒപ്പു വച്ചുവെന്നും, സത്യപ്രതിജ്ഞാലംഘനം നടത്തിയത് ഗവർണറാണെന്നും സിപിഎം പറയുന്നു. മന്ത്രി പറയുന്നിടത്തെല്ലാം ഒപ്പിട്ട് കൊടുക്കേണ്ട ആളല്ല ഗവർണർ എന്നും ഇവർ പറയുന്നു. അതേസമയം കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലമാണെന്ന് ഗവർണർ വെളിപ്പെടുത്തിയിരുന്നു.
















Comments