ന്യൂഡൽഹി: അതുല്യനായ സംഘാടകൻ, കരുത്തനായ ഭരണകർത്താവ്, ആത്മാർത്ഥതയും സത്യസന്ധതയുമുള്ള പൊതു പ്രവർത്തകൻ…എതിരാളികൾ ഉൾപ്പെടെയുള്ളവർ സർദാർ വല്ലഭായ് പട്ടേലിന് ചാർത്തി നൽകിയ വിശേഷണങ്ങൾ ഏറെയാണ്. നിശ്ചയ ദാർഢ്യവും, സംഘാടക ശക്തയും, ദേശീയബോധവും സമന്വയിപ്പിച്ച പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഭാരത്തിന്റെ ഉരുക്കുമനുഷ്യനാക്കിയത്. ഇന്ന് രാജ്യം അദ്ദേഹത്തിന്റെ 71-ാം ചരമവാർഷികം ആചരിക്കുകയാണ്.
1875 ഒക്ടോബർ 31 ന് ഗുജറാത്തിലെ കർഷക കുടുംബത്തിൽ ജനനം. കാർഷികവൃത്തികളിൽ കുടുംബത്തെ സഹായിച്ചു കൊണ്ടു തന്നെ പഠനം നടത്തിയ പട്ടേൽ നിയമബിരുദധാരിയായി. ഇതിനിടയിൽ വിവാഹം കഴിച്ചു. മണി ബെൻ എന്നും ദഹ്യ ഭായി എന്നും രണ്ട് കുട്ടികൾ ഉണ്ടായി. ഭാര്യ ഝാവേർബ 1909 ൽ കാൻസർ ബാധിച്ച് മരിച്ചു. പൊതു പ്രവർത്തനവും സ്വാതന്ത്ര്യ സമര പോരാട്ടവും തുടങ്ങുന്നത് പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ്. അഹമ്മദാബാദിലെ ഏറ്റവും മികച്ച അഭിഭാഷകരിൽ ഒരാളായി കഴിയവേ ആണ് ഗാന്ധിജിയുടെ ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു തുടങ്ങുന്നത്.
ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിനു പിന്തുണ നൽകികൊണ്ടാണ്, പട്ടേൽ രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നത്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായുള്ള പെറ്റീഷനിൽ ഒപ്പു വെക്കാനായി പട്ടേൽ ജനങ്ങളോടാഹ്വാനം ചെയ്തു. ഏതാണ്ട് ഒരു മാസത്തിനുശേഷം, ഗുജറാത്തിലെ ഗോധ്രയിൽ വച്ചു നടന്ന ഒരു രാഷ്‌ട്രീയ സമ്മേളനത്തിൽ വച്ചാണ് പട്ടേൽ ഗാന്ധിയുമായി കണ്ടു മുട്ടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗമായ ഗുജറാത്ത് സഭയുടെ സെക്രട്ടറിയായി ഗാന്ധിയുടെ ആശീർവാദത്തോടെ പട്ടേൽ വൈകാതെ ചുമതലയേറ്റു. ഖേദ ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗും, കടുത്ത ക്ഷാമവും മൂലമുണ്ടായ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പട്ടേൽ മുന്നിട്ടിറങ്ങി. ജനങ്ങളുടെ ദുരിത ജീവിതം പൊതു സമൂഹത്തിനു മുന്നിലെത്തിച്ച അദ്ദേഹം ഒരു വർഷത്തേക്ക് നികുതി റദ്ദാക്കാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കി. 1920 ൽ ഗുജറാത്തിലെ കോൺഗ്രസിന്റെ അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
അഹമ്മദാബാദിൽ നടന്ന വിദേശി വസ്ത്ര ബഹിഷ്‌കരണത്തിൽ പങ്കെടുത്ത് പൂർണമായും ഖാദിയിലേക്ക് അദ്ദേഹവും മക്കളും മാറി. അഹമ്മദാബാദ് നഗരസഭാ അദ്ധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശുചിത്വത്തിലും അടിസ്ഥാന വികസനത്തിലും ശ്രദ്ധിച്ചു . നികുതി വർദ്ധനവിനെതിരെ സംഘടിപ്പിച്ച ബർദോളി സത്യഗ്രഹം പട്ടേലിനെ ജനങ്ങളുടെ സർദാറാക്കി.
1931ലെ കറാച്ചി സമ്മേളനത്തിൽ സർദാർ, കോൺഗ്രസിന്റെ പ്രസിഡന്റായി. വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടർന്ന് ഗാന്ധിജിയും പട്ടേലും ജയിലിലായി. സഹോദരൻ വിഠൽ ഭായ് പട്ടേലിന്റെ ശവസംസ്‌കാരത്തിന് പരോൾ ലഭിച്ചിരുന്നെങ്കിലും പട്ടേൽ, അത് നിരസിക്കുകയായിരുന്നു. 1942 മുതൽ 1945 വരെ പട്ടേൽ ജയിലിലടയ്‌ക്കപ്പെട്ടു. സോഷ്യലിസം സ്വീകരിക്കണമെന്ന നെഹ്രുവിന്റെ വാദത്തെ അതിശക്തമായി പട്ടേൽ എതിർത്തിരുന്നു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേൽ പഞ്ചാബിലെയും ഡൽഹിയിലെയും അഭയാർത്ഥികൾക്ക് അവശ്യസാധനങ്ങൾ സംഘടിപ്പിച്ചു. രാജ്യത്താകമാനം സമാധാനം പുനസ്ഥാപിക്കുവാൻ പട്ടേൽ പരിശ്രമിച്ചു. 565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്‌ട്രം രൂപവത്കരിക്കുന്ന ചുമതല പട്ടേൽ ഏറ്റെടുത്തു. തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു.
ഗാന്ധിജിയോട് ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന പട്ടേലിന് അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. ഒരു പക്ഷേ, ഈ ആഘാതമായിരിക്കാം, രണ്ട് വർഷങ്ങൾക്ക് ശേഷം പട്ടേലിനെയും മരണത്തിലേയ്‌ക്ക് നയിച്ചത്. 1950 ഡിസംബർ 15നാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ ലോകത്തോട് വിടവാങ്ങിയത്. സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരുടെ നേതാവായി മാറിയ പട്ടേലിന് പകരക്കാരനാവാൻ ഇന്നും ഒരു നേതാവും ജനിച്ചിട്ടില്ലെന്നു തന്നെ പറയാം.
Comments