കോഴിക്കോട്: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അനാവശ്യമായി വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലിയാണ് വിവാദം ഉയരുന്നത്. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓർഡിനേഷൻ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. എംഎസ്എഫും വിമർശനവുമായി എത്തിയിരുന്നു.
ആൺകുട്ടികളുടെ വസ്ത്രധാരണ രീതി പെൺകുട്ടികളിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും എംഎസ്എഫ് അടക്കമുള്ള മുസ്ലീം സംഘടനകൾ നിവേദനം നൽകുകയും ചെയ്തു. തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയിരിക്കുന്നത്.
ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഹയർസെക്കൻററി സ്‌കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്. സർക്കാർ ഉത്തരവില്ലാതെ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാനും കോർഡിനേഷൻ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, രക്ഷിതാക്കളുമായും വിദ്യാർത്ഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
Comments