കൊച്ചി: കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സെനറ്റംഗം അടക്കമുള്ളവർ നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്. ജസ്റ്റിസ് അമിത് റാവൽ ആണ് ഹർജിയിൽ വാദം കേട്ടത്. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
വി.സി നിയമനത്തിൽ രൂക്ഷ വിമർശനങ്ങളും വ്യാപക പ്രതിഷേധവും നേരിട്ട പിണറായി സർക്കാരിന് താൽക്കാലിക ആശ്വാസം നൽകുന്ന വിധിയാണ് ഇത്. ഹർജിയിൽ പ്രാഥമിക വാദം നേരത്തെ പൂർത്തിയായിരുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമവും യു.ജി.സി ചട്ടങ്ങളും മറികടന്നാണ് ഗോപിനാഥ് രവീന്ദ്രനെ വി.സി യായി വീണ്ടും നിയമിച്ചതെന്നാണ് ഹർജിക്കാരുടെ വാദം.
വി.സിയുടെ നിയമനത്തിനായി ഗവർണർക്ക് ശുപാർശക്കത്ത് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രവർത്തിയും വിവാദമുണ്ടാക്കിയിരുന്നു. നിയമനത്തിൽ ചട്ടവിരുദ്ധതയില്ലെന്നും പുതിയ നിയമനമല്ല, മറിച്ച് പുനർനിയമനമാണ് നടന്നതെന്നായിരുന്നു സർക്കാർ വാദം. അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
Comments