ധാക്ക: ബംഗ്ലാദേശിന്റെ വിജയദിനാഘോഷത്തിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ധാക്കയിലെത്തി. തലസ്ഥാന നഗരിയിൽ പ്രധാനമന്ത്രി ഷേഖ് ഹസീന രാഷ്‌ട്രപതിയേയും കുടുംബത്തേയും നേരിട്ടെത്തി സ്വീകരിച്ചു. പ്രസിഡന്റ് അബ്ദുൾ ഹമീദിന്റെ ക്ഷണം സ്വീകരിച്ചാണ് രാംനാഥ് കോവിന്ദ് ധാക്കയിലെത്തിയത്. കൊറോണ കാലത്ത് രാജ്യം വിട്ട് തന്റെ ആദ്യ സന്ദർശനമാണ് രാംനാഥ് കോവിന്ദ് നടത്തുന്നത്.
ബംഗ്ലാദേശിന്റെ വിമോചനവും യുദ്ധവിജയവും നടന്നതിന്റെ 50-ാം വാർഷികം അതി വിപുലമായ പരിപാടികളായാണ് ആഘോഷിക്കുന്നത്. സവാറിലെ ദേശീയ സൈനിക സ്മാരകത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് യുദ്ധവീരന്മാർക്ക് ശ്രദ്ധാംഞ്ജലിയർപ്പിക്കും.
കിഴക്കൻ പാകിസ്താനെന്ന നിലയിൽ ഒരുസമയത്ത് അടിച്ചമർത്തപ്പെട്ട ബംഗ്ലാദേശ് ഇന്ത്യൻ സൈന്യത്തിന്റെ സഹായത്താലാണ് 1971ൽ പാകിസ്താൻ സൈനികരെ അടിയറ പറയിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.
ബംഗ്ലാദേശിന്റെ സ്വാഭിമാന ദിനമായും ഭാഷാ സ്വാതന്ത്ര്യത്തിന്റേയും സ്വത്വത്തിന്റേയും ഓർമ്മപുതുക്കലാണ് സുവർണ്ണ ജ്യൂബിലി ആഘോഷ കാലഘട്ടത്തിൽ നടക്കുന്നത്. രാഷ്‌ട്രപതിക്കൊപ്പം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ഡോ. സുബാസ് സർക്കാർ, എം.പിയായ രാജ്ദീപ് റോയ് എന്നിവരും ധാക്കയിലെത്തിയിട്ടുണ്ട്.
ഇന്ത്യയും ബംഗ്ലാദേശും നാളിതുവരെയില്ലാത്ത ശക്തമായ ബന്ധമാണ് നരേന്ദ്രമോദി സർക്കാർ വന്ന ശേഷം സ്ഥാപിച്ചിട്ടുള്ളത്. കൊറോണ കാലഘട്ടത്തിലെ നിർണ്ണായക സഹായവും വാണിജ്യ വ്യവസായ പ്രതിരോധ മേഖലയിലെ സഹായം എന്നിവയിലും ഇന്ത്യ ബംഗ്ലാ ദേശിനെ നിരന്തരം സഹായിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല പറഞ്ഞു.
Comments