കൊച്ചി: ജമ്മു കശ്മീരിൽ മരിച്ച മലയാളി ജവാൻ അനീഷിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് സ്വദേശമായ ഇടുക്കി കൊച്ചുകാമാക്ഷി വടതലക്കുന്നേലിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചു മണിയോടെ കൊച്ചുകാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും
ഇന്നലെ പുലർച്ചെ കശ്മീരിലെ ബാരമുള്ളയിൽ ഡ്യൂട്ടിക്കിടെയാണ് ബിഎസ്എഫ് ജവാൻ അനീഷ് ജോസഫ് മരിച്ചത്. ടെന്റിന് തീ പിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അനീഷ് അപകടത്തിൽ പെട്ടത്. 15 അടിയോളമുള്ള താഴ്ചയിലേക്ക് വീണാണ് മരണം.
ഇടുക്കി കൊച്ചുകാമാക്ഷി വടതലക്കുന്നേൽ കുടുംബാംഗമാണ് അനീഷ്. ബിഎസ്എഫ് 63 ബറ്റാലിയൻ അംഗമായ അനീഷ് കരസേനയോടൊപ്പം അതിർത്തിയിലെ സംയുക്ത നിരീക്ഷണ ഡ്യൂട്ടിക്കായാണ് കശ്മീരിൽ എത്തിയത്. 20 വർഷത്തെ സൈനിക സേവനത്തിനു ശേഷം ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് ദുരന്തം.
മേലേ കുപ്പച്ചാംപടി വടുതലക്കുന്നേൽ പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനാണ് അനീഷ്. ഭാര്യ സീന ഏബ്രഹാം ഗുജറാത്തിൽ ബിഎസ്എഫ് ഗാന്ധിനഗർ റെജിമെന്റിലാണ്. ബെംഗളൂരുവിൽ പ്ലസ് വൺ വിദ്യാർഥിനിയായ എലന മരിയ അനീഷ്, ആറാം ക്ലാസ് വിദ്യാർഥിനിയായ അലോണ മരിയ അനീഷ് എന്നിവരാണ് മക്കൾ.
















Comments