ന്യൂഡൽഹി : മുല്ലപ്പെരിയാൽ വിഷയത്തിൽ കേരള സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതിക്ക് വ്യക്തമാക്കി. ഡാമിന്റെ ഷട്ടർ തുറക്കണോ വേണ്ടയോ എന്ന് സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി തീരുമാനിക്കട്ടെയെന്നാണ് ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിലപാട്.
ഷട്ടർ തുറക്കുന്ന സമയം, തോത് എന്നിവ തീരുമാനിക്കാൻ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സംയുക്ത സമിതി വേണമെന്ന ആവശ്യവും കോടതി തള്ളി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തുടർച്ചയായി അപേക്ഷകൾ നൽകുന്നത് അംഗീകരിക്കാനാവില്ല. ആവശ്യങ്ങളും പരാതികളും മേൽനോട്ട സമിതിയെ അറിയിക്കാനും കോടതി നിർദ്ദേശിച്ചു.
പരാതികൾ ഉന്നയിച്ചാലും മേൽനോട്ട സമിതി നടപടി എടുക്കുന്നില്ലെന്നാണ് കേരളത്തിന്റെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ കേരളത്തിന്റെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയാണ് മേൽനോട്ട സമിതി രൂപീകരിച്ചിരിക്കുന്നത് എന്നും സമിതിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി കേരളം കൂടിയാണെന്നും കോടതി പറഞ്ഞു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തു എന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ പറഞ്ഞു. പരാതികൾ ലഭിച്ചാൽ അടിയന്തരമായി അതിൽ തീരുമാനമെടുക്കണമെന്നും മേൽനോട്ടസമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് രാഷ്‌ട്രീയ സമ്മർദ്ദമുണ്ടാകാം. എന്നാൽ രാഷ്‌ട്രീയം കോടതിയിൽ അനുവദിക്കില്ല. മുല്ലപ്പെരിയാറിലെ റൂൾ കെർവ്വുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി 11 ലേക്ക് മാറ്റി.
Comments