ന്യൂഡൽഹി: ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റും ഇന്ത്യൻ വംശജയുമായ ഗീതാ ഗോപിനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.എഫ്.ഡി.എം.ഡി ആയി ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്.2019ലാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. ഐഎംഎഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായിട്ടാണ് (എഫ്.ഡി.എം.ഡി) ഗീത ഗോപിനാഥിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.
നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറർ ജ്യോഫ്‌റി ഒകമോട്ടോ സ്ഥാനം ഒഴിയുന്നതോടെയാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്.2018 ഒക്ടോബറിലാണ് ഗീത ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്. കേരള സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ചീഫ് എക്കണോമിസ്റ്റ് എന്നതിനോടൊപ്പം ഐഎംഎഫിന്റെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്‌ക്കുണ്ടായിരുന്നു. അമേരിക്കൻ അക്കാഡമി ഓഫ് ആർട്‌സ് ആൻഡ് സയൻസ് അംഗത്വം ലഭിച്ച വ്യക്തിയാണ് ഗീത ഗോപിനാഥ്. യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയിൽ നിന്ന് അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടത്.
Comments