കൊട്ടാരക്കര; വിഷം നൽകി തന്നെ ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി സോളാർ കേസിലെ പ്രതി സരിത.എസ്.നായർ. സരിത ഉൾപ്പെട്ട വാഹന മോഷണ കേസിൽ മൊഴി നൽകാൻ കൊട്ടാരക്കരയിൽ എത്തിയതായിരുന്നു അവർ. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. വിഷം നാഡികളേയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നൽകിയത്. അതിജീവനത്തിന് ശേഷം ഇത് ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഹാജരാകാനാണ് ഇവർ കൊട്ടാരക്കരയിലെത്തിയത്. 2015 ജൂലായ് 18-ന് രാത്രി 12-ന് എം.സി.റോഡിൽ കരിക്കകത്തായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കകത്ത് കാർ നിർത്തിയപ്പോൾ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്റെ ചില്ല് തകർക്കുകയും സരിതയേയും ഒപ്പമുണ്ടായിരുന്നവരേയും അസഭ്യം പറയുകയും അപമാനിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഘർഷത്തിനിടെ കാർ മുന്നോട്ടെടുത്തപ്പോൾ എതിർ സംഘത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്ക് പറ്റിയതിനാൽ സരിതയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും പേരിലും കേസെടുത്തിരുന്നു. രണ്ട് കേസുകളും കോടതിക്ക് പുറത്ത് തീർപ്പിൽ എത്തിയിരുന്നു. വാദി-പ്രതി ഭാഗങ്ങൾ കോടതിയിൽ മൊഴി മാറ്റുകയും ചെയ്തു. കേസ് വിധി പറയാൻ 29ലേക്ക് മാറ്റിയിട്ടുണ്ട്.
















Comments